ലയണല്‍ ആന്ദ്രേസ് മെസിയുടെ അവതാര വിളയാട്ടം

2-0 ത്തിന് ലോകകപ്പിലെ ആദ്യ വിജയം കുറിച്ച് അര്‍ജന്റീന

ദോഹ: ജയം ലക്ഷ്യമിട്ടിറങ്ങിയ അര്‍ജന്റീന പടയ്ക്കു സ്വപ്‌ന സമാനമായ ഒരു മാന്ത്രിക ഗോള്‍ നല്‍കി ആ മനുഷ്യന്‍ ലയണല്‍ ആന്ദ്രേസ് മെസിയുടെ അവതാര വിളയാട്ടം. 63-ാം മിനിട്ടുവരെ കടുത്ത പ്രതിരോധം തീര്‍ന്ന മെക്‌സിക്കന്‍ സംഘത്തെ തന്റെ മാന്ത്രിക ഗോളിലൂടെ, ആ നിമിഷം കാത്തിരുന്ന ലക്ഷക്കണക്കിനു ആരാധകരുടെ ആഗ്രഹം സഫലമാക്കി മെസിയെന്ന മിശിഹ. ഡി മരിയ ബോക്‌സിന്റെ വലതുഭാഗത്തു നിന്നും നല്‍കിയ ഒരു പാസ് ഇടംവലം നോക്കാതെ തന്റെ ഇടംകാലുകൊണ്ട് കൃത്യതയോടെ മെക്‌സിക്കന്‍ ഗോളി ഗില്ലെര്‍മോ ഒച്ചാവയെയും ഭേദിച്ച് ഗോള്‍ മുഖത്തേക്ക്. ലോകമെമ്പാടും കാത്തിരുന്ന ആ നിമിഷം, ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ നീലവെള്ള കുപ്പായക്കാരുടെ മനം നിറച്ചുകൊണ്ടുള്ള മെസി ഗോള്‍ ചെന്നുപതിച്ചത് ചരിത്രത്തിലേക്ക്. ആ നിമിഷം തൊട്ട് അര്‍ജന്റീന ആരാധകര്‍ തീര്‍ത്ത വലിയൊരു മെക്‌സിക്കന്‍ തിരമാല കളിയവസാനിക്കുവരെ ഗ്യാലറികളില്‍ ഇരച്ചു കയറിക്കൊണ്ടിരുന്നു.

തുടര്‍ന്നങ്ങോട്ട് ആക്രമണത്തിന്റെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് പുറത്തിറക്കിയ അര്‍ജന്റീനിയന്‍ പടയ്ക്കുമുന്നില്‍ കോട്ട കൊത്തളങ്ങളെക്കാള്‍ വലിയ പ്രതിരോധം തീര്‍ത്ത മെക്‌സിക്കന്‍ ടീം തകരുന്ന കാഴ്ചയാണ് ഉണ്ടായത്. 64-ാം മിനിട്ടിലെ മെസി ഗോളിനുശേഷം 87 മിനിട്ടില്‍ മറ്റൊരു സൂപ്പര്‍ ഷോട്ടിലൂടെ മെക്‌സിക്കന്‍ വല തകര്‍ത്തത് എന്‍സോ ഫെര്‍ണാണ്ടസായിരുന്നു. ആ മാസ്മരിക ഗോളിനു കാരണമായ മിന്നും പാസ് നല്‍കിയത് ഇത്തവണയും ലയണല്‍ മെസിയെന്ന മിശിഹയായിരുന്നു. പിന്നീട് ആക്രമണത്തിന്റെ സൂപ്പര്‍ ഫോര്‍മുല നടപ്പാക്കിയ മെസിപ്പട 2-0 ന്റെ അപരാജിത വിജയം കരസ്ഥമാക്കുകയായിരുന്നു.

ലോകകപ്പുകളില്‍ നിന്നും മെസി നേടുന്ന എട്ടാം ഗോളായിരുന്നു 64 മിനിട്ടില്‍ പിറന്നത്. 21 ലോകകപ്പ് മത്സരങ്ങളോടെ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി ബൂട്ടണിഞ്ഞ താരമെന്ന പ്രശസ്തിയില്‍ എത്താന്‍ മെസിക്കു സാധിച്ചു, അതും ഡീഗോ മര്‍ഡോണയ്‌ക്കൊപ്പം. തന്റെ അന്താരാഷ്ട്ര കരയറിലെ 93-ാമത്തെ ഗോള്‍ നേടാനും മെസിക്കു സാധിച്ചു.

വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ അര്‍ജീന്റീന പടയ്ക്കു തൊട്ടതെല്ലാ പിഴച്ച കാഴ്ച്ചയാണ് ആദ്യ പകുതിയില്‍ ദൃശ്യമായത്. കളിതുടങ്ങി ആദ്യ മനിട്ടുകളില്‍ തന്നെ മികച്ച ആക്രമണം നടത്തി ഗോള്‍ വല ചലിപ്പിക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും കരുത്തുറ്റ പ്രതിരോധം തീര്‍ത്താണ് മെക്‌സിക്ക ആ മുന്നേറ്റങ്ങള്‍ക്ക മറുപടി നല്‍കിയത്. മികച്ച ഷോട്ടുകളൊന്നും ആദ്യ അര മണിക്കൂറില്‍ അര്‍ജന്റീനയ്ക്കു സാധിച്ചില്ല. 32-ാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കും, 34-ാം മിനിട്ടില്‍ മെക്‌സിക്കോ പോസ്റ്റിന്റെ വലതുഭാഗത്ത് ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിക്കാന്‍ മെസിക്ക് സാധിച്ചില്ല. 11-ാം മിനിറ്റില്‍ മെക്‌സിക്കോയുടെ ലൂയിസ് ഷാവെസെടുത്ത ഫ്രീ കിക്ക് അര്‍ജന്റീനയെ വിറപ്പിക്കുന്നതായിരുന്നു. ഗോള്‍ മുഖത്തു വെച്ച് ഹെക്റ്റര്‍ ഹെരേരയ്ക്ക് കൃത്യമായി പന്തിനടുത്തെത്താന്‍ സാധിക്കാത്തത് അര്‍ജന്റീനയ്ക്ക് രക്ഷയായി.

രണ്ടാം പകുതിയില്‍ മെല്ലെ തടുങ്ങിയ അര്‍ജന്റീനയുടെ കളി കണ്ട ആരാധകര്‍ ഒന്ന ആശങ്കപ്പെട്ടിരിക്കാം, ഒന്നാം പകുതിയുടെ തനിയാവര്‍ത്തനമായിരിക്കുമോ അടുത്ത പകുതിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു കളിയുടെ ഗതി. 52ാം മിനിറ്റില്‍ ഫ്രീ കിക്ക് എടുത്ത മെസിയുടെ ആ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ 56ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ ബോക്‌സിന്റെ വലതുഭാഗത്തു നിന്നും നല്‍കിയ പാസ് അക്യൂനയ്ക്കു മുതലാക്കാന്‍ സാധിച്ചില്ല. 64-ാം മിനിട്ടിലും 87-ാം മിനിട്ടിലും മെക്‌സിക്കന്‍ വല കുലുങ്ങിയതോടെ സമനില ലക്ഷ്യവുമായി എത്തിയ മെക്‌സിക്കന്‍ ടീം തോല്‍വി അടിയറവുവെച്ച കാഴ്ചയാണ് ലൂസൈല്‍ സ്‌റ്റേഡിയവും അതുപോലെ ലോകമെമ്പോടുമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ക്കു കാണാന്‍ സാധിച്ചത്. സൗദിയോട് തോറ്റ ടീമില്‍ നിന്നും അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. അഞ്ച് ഷോട്ടുകല്‍ പായിച്ച അര്‍ജന്റീന രണ്ടു ഷോട്ടുകള്‍ ടാര്‍ജറ്റാക്കി, നാല് ഷോട്ട് എടുത്ത മെക്‌സിക്കോയ്ക്കു ഒരു ഷോട്ട് മാത്രമെ ടാര്‍ജറ്റാക്കാന്‍ സാധിച്ചിട്ടുള്ളു. 19 ഫൗളും നാല് മഞ്ഞകാര്‍ഡും മെക്‌സിക്കോയ്ക്കു ലഭിച്ചപ്പോള്‍, 15 ഫൗളും ഒരു മഞ്ഞകാര്‍ഡുമാണ് അര്‍ജന്റീനയ്ക്കു കിട്ടിയത്.

Exit mobile version