ദോഹ: അവസരങ്ങള്‍ പാഴാക്കിയും ആഞ്ഞടിച്ച ആക്രമിച്ചും കുറ്റന്‍ പ്രതിരോധങ്ങള്‍ തീര്‍ത്ത ഇംഗ്ലണ്ട്- യുഎസ്എ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ ബിയില്‍ നടന്ന പ്രധാന മത്സരത്തില്‍ ഇറാനെതിരെ നേടിയ സൂപ്പര്‍ വിജയത്തിന്റെ ഹാങ് ഓവറില്‍ കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് യുഎസിനു മുന്നില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് അല്‍ ബയാത്ത് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ സാക്ഷ്യം വഹിച്ചത്.
വമ്പന്‍ താരനിരയുമായി ഇറങ്ങിയ ഹാരി കെയനിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ആദ്യ പകുതിയില്‍ ആക്രമിച്ചു കളിച്ചെങ്കിലും യുഎസിന്റെ ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ല. പ്രതിരോധത്തില്‍ ഊന്നി മികച്ച മത്സരം പുറത്തെടുത്ത യുഎസ് ടീം ഇംഗ്ലീഷ് പടയെ വെളളം കുടിപ്പിച്ചു. ഒന്‍പതാം മിനിട്ടില്‍ കെയിനിന്റ ഗോള്‍ ശ്രമം പാഴായെങ്കിലും അതിലൂടെ ഒരു കോര്‍ണര്‍ അവസരം ലഭിച്ചെങ്കിലും അതും ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. 16-ാം മിനിട്ടില്‍ ഇംഗ്ലീഷ് താരം ലൂക്ക് ഷോയുടെ മികച്ചൊരു ഇടം കാല് ഷോട്ട് യുഎസ് ഗോളി മാറ്റ് ടര്‍ണര്‍ നിഷ്പ്രയാസം പിടിച്ചെടുത്തു. തൊട്ടടുത്ത മിനിട്ടിലാണ് യുഎസിന് ആദ്യവസരം ലഭിക്കുന്നത്. വെസ്റ്റേണ്‍ മക്കനിയുടെ ക്രോസില്‍ റെറ്റിന്റെ ഗോളടി ശ്രമം ഇംഗ്ലണ്ട് താരം ഹാരിമഗ്രേയര് ഹെഡ് ചെയ്തു മാറ്റിയത് താരങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ് ആരാധകര്‍ക്കും ആശ്വാസമായി മാറി. 26-ാം മിനിറ്റില്‍ തിമോത്തി വിയ്യയുടെ ക്രോസ് വെസ്റ്റണ്‍ മക്കെന്നി പുറത്തേക്കടിച്ചുകളഞ്ഞു. 32-ാം മിനിറ്റില്‍ മക്കെന്നിയും മൂസയും ചേര്‍ന്നുള്ള ഒരു അറ്റാക്കിങ് റണ്ണിനൊടുവില്‍ പന്ത് ലഭിച്ച പുലിസിച്ചിന്റെ ഷോട്ട് ഗോള്‍ ബാറിലിടിച്ച് തെറിച്ചു പോകുകയായിരുന്നു.
ആദ്യ പകുതിക്കു തൊട്ടു മുന്‍പ് 30 മിനിട്ടു തൊട്ട് യുഎസ് ടീം ഇംഗ്ലണ്ടിനുനേരെ കുറെയധികം മുന്നേറ്റം നടത്താന്‍ സാധിച്ചു. തുടര്‍ന്ന ഗെയിം പ്ലാനില്‍ മാറ്റം വരുത്തിയ ഇംഗ്ലണ്ട്, യുഎസ് ഗോള്‍ വല ലക്ഷ്യമാക്കി ലോങ് ഷോട്ടുകളും അതുപോലെ പാസും നല്കാന് തുടങ്ങിയെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ ഇംഗ്ലണ്ടിനായില്ല. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, മേസണ്‍ മൗണ്ട് എന്നിവരുടെയെല്ലാം കടുത്ത അറ്റാക്കിങ് തന്ത്രത്തെ വളരെ ടെക്നിക്കലായി തടയിടാന്‍ യുഎസിന സാധിച്ചു.
രണ്ടാം പകുതിയില്‍ ഗോള്‍ നേടി മത്സരം പിടിച്ചെടുക്കാന്‍ യുഎസ് താരങ്ങള്‍ നടത്തിയ നീക്കങ്ങളെ ഇംഗ്ലണ്ട് നേരിട്ടു. 69-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ്, ജൂഡ് ബെല്ലിങ്ങാം എന്നിവരെ പിന്‍വലിച്ച് ഇംഗ്ലണ്ട് ജാക്ക് ഗ്രീലിഷിനെയും ഹെന്‍ഡേഴ്സനെയും ഇറക്കി മത്സരത്തിനു വേഗതക്കൂട്ടി ഗോള്‍ അടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മത്സരത്തിന്റെ അഡീഷണല്‍ സമയത്തില്‍ ലൂക്ക് ഷോ എടുത്ത ഫ്രീകിക്ക് ഹാരി കെയ്ന്‍ ഹെഡ് ചെയ്തെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചല്ല.
ആദ്യ മത്സരത്തില്‍ ഇറാനെതിരേ നേടിയ ആറ് ഗോള്‍ വിജയത്തിന്റെ പിന്‍ബലത്തില്‍ ഇറങ്ങിയ ഇംഗ്ലീഷ് താരങ്ങളെ കളിയില്‍ ഉടനീളം യുഎസ് വെള്ളം കുടപ്പിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇംഗ്ലണ്ടിനെ നന്നായി പഠിച്ചുവന്നാണ് യുഎസ് ടീം കളിക്കാന്‍ ഇറങ്ങിയതെന്ന് തോന്നിപോകും. ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങള്‍ വീതം എല്ലാ ടീമുകളും പൂര്‍ത്തിയാക്കി. നാല് പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നില്‍ നില്ക്കുമ്പോള്, മൂന്ന് പോയിന്റുള്ള ഇറാന് രണ്ടാമതും, യുഎസ്എ രണ്ടു പോയിന്റുമായി മൂന്നാമതുമാണ്. ഒരു പോയിന്റുള്ള വെയില്‍സാണ് ഗ്രൂപ്പിലെ അവസാനക്കാര്‍.
Discussion about this post