തിരുവനന്തപുരം: വിഴിഞ്ഞം സമരത്തത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആഹ്വാനവുമായി ലത്തീന്‍ അതിരൂപത. സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെ സര്‍ക്കുലര്‍ വായിക്കും. ഇനിയുള്ള ദിവസങ്ങളിലെ സമരക്രമവും നാളെ പ്രഖ്യാപിക്കും.
അതേസമയം, വിഴിഞ്ഞത് ഇന്നും സംഘര്‍ഷാവസ്ഥയുണ്ടായി. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു.
എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. സമരപ്പന്തല്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ലോറികള്‍ക്ക് കഴിഞ്ഞില്ല. നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി ആവര്‍ത്തിച്ചു.