മുംബൈ: രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനത്ത് 14 വര്‍ഷം മുമ്പ് ഇതേ ദിവസം ഒരു ഭീകരാക്രമണം നടന്നു. ഇന്ത്യയില്‍ പാക്കിസ്ഥാന്‍ നടത്തിയ യുദ്ധസമാനമായ ഒരു ആക്രണമായിരുന്നു അത്. വിവിധ സ്ഥലങ്ങളിലായി നാല് ദിവസങ്ങളോളം നടന്ന ആക്രമണത്തില്‍ 300-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ആക്രമണം നടന്ന് ഒരു വര്‍ഷത്തിന് ശേഷം 2009-ല്‍ യുഎസ് സെനറ്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി സംഭവത്തെ കുറിച്ച് പഠിക്കുകയും വളരെ കൃത്യമായി ആസൂത്രണം ചെയ്ത ആക്രമത്തിന്റെ ഗൌരവവും തീവ്രതയും ചൂണ്ടിക്കാട്ടുകയുണ്ടായി.
ആക്രമണം നടത്തിയവര്‍ വെറും ഭീകരവാദികള്‍ മാത്രമായിരുന്നില്ല, കൃത്യമായ പരിശീലനം ലഭിച്ച പാക് കമാന്‍ഡോ യൂണിറ്റായിരുന്നു. ഇന്ത്യയുമായി പരമ്പരാഗതമല്ലാത്ത ഒരു യുദ്ധത്തിനായി തയ്യാറാക്കിയെടുത്തവര്‍. ഇത്തരത്തില്‍ കാലാന്തരത്തില്‍ പരമ്പരാഗതമല്ലാത്ത ഭീകരവാദ ഭീഷണികള്‍ വര്‍ധിച്ചുവരികയാണ്. ഈ കാലഘട്ടത്തില്‍ ദേശീയ സുരക്ഷാ സംവിധാനങ്ങളും നൂതന സംവിധാനങ്ങളോടെ ശക്തിപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.