ചെന്നൈ: പിഎസ്എല്‍വി സി 54 ദൗത്യം വിജയം. ഇന്ത്യന്‍ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളില്‍ എത്തിച്ചു. രാജ്യത്തിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവും നയതന്ത്ര സഹകരണത്തിന്റെ ഭാഗമായി ഭൂട്ടാന്റെ ചെറു ഉപഗ്രഹവും ഏഴ് വാണിജ്യ ഉപഗ്രഹങ്ങളും ഒരുമിച്ച് വിക്ഷേപിക്കുക എന്ന ദൗത്യമാണ് ഇസ്രോ ഇത്തവണ ഏറ്റെടുത്തത്.
ഇന്ന് രാവിലെ കൃത്യം 11.56-നാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പെയ്സ് സെന്ററിന്റെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയുടെ ഏറ്റവും കരുത്തുള്ള വേരിയന്റായ പിഎസ്എല്‍വി എക്സ്എല്‍ ആയിരുന്നു വിക്ഷേപണ വാഹനം. ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍ പോലെ കൃത്യം പതിനേഴാം മിനുട്ടില്‍ ഓഷ്യന്‍ സാറ്റ് 3 ഭ്രമണ പഥത്തിലെത്തി. കടലിന്റെ സ്വഭാവവും ഉപരിതല താപനിലയും കാലാവസ്ഥയും പ്രവചിക്കുന്ന മൂന്നാം തലമുറ ഉപഗ്രഹമാണ് ഇഒഎസ് 6 എന്ന ഓഷ്യന്‍ സാറ്റ് 3.
തുടര്‍ന്ന് ഓര്‍ബിറ്റ് ചേഞ്ച് ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം 214 കിലോമീറ്റര്‍ വരെ താഴെയുള്ള ഭ്രമണപഥത്തിലേക്ക് താഴ്ത്തി. ഇതിനിടെ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളും കൃത്യമായി ഭ്രമണപഥങ്ങളില്‍ സ്ഥാപിച്ചു. ഭൂട്ടാന്റെ ഒപ്റ്റിക്കല്‍ ഇമേജിംഗ് ഉപഗ്രഹമായ ഭൂട്ടാന് സാറ്റ് ദൗത്യത്തിലുള്‍പ്പെടുത്തിയത് നയതന്ത്ര സഹകരണത്തിന്റെ കൂടി ഭാഗമായാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടെന്ന് വിക്ഷേപണം കാണാന്‍ എത്തിയ ഭൂട്ടാന് വിവര, വാര്‍ത്താ വിനിമയ മന്ത്രി കര്‍മ ഡോണന് വാങ്ഗ്ഡി പറഞ്ഞു.
Discussion about this post