20 ലക്ഷം തൊഴിലവസരങ്ങള്‍; പി.ജി. വരെ സൗജന്യ വിദ്യാഭ്യാസം; ബി.ജെ.പി. പ്രകടന പത്രിക പുറത്ത്

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ യുവാക്കള്‍ക്ക് 20 ലക്ഷം തൊഴിലവസരങ്ങള്‍, കിന്‍ര്‍ഗാര്‍ട്ടന്‍ മുതല്‍ പിജി വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസും പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഗുജറാത്തിലെ ഒരു കോടിയിലധികം ആളുകള്‍ പ്രകടന പത്രികാ നിര്‍മ്മാണ വേളയില്‍ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് സിആര്‍ പാട്ടീല്‍ പറഞ്ഞു.

ഗുജറാത്തിലെ ഓരോ പൗരനും വീട് ഉണ്ടെന്ന് ഉറപ്പാക്കും, പ്രധാനമന്ത്രി ആവാസ് യോജനയുടെ 100% നടപ്പാക്കല്‍ ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ ക്ഷേമപദ്ധതികളുടെയും പ്രയോജനം ഓരോ കുടുംബത്തിനും ലഭിക്കുന്നതിനായി ഫാമിലി കാര്‍ഡ് പദ്ധതി ആരംഭിക്കും. വര്‍ഷത്തില്‍ നാല് തവണ ഒരു ലിറ്റര്‍ ഭക്ഷ്യ എണ്ണയും പ്രതിമാസം ഒരുകിലോ പയറും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. 56 ആദിവാസി ഉപപദ്ധതി താലൂക്കുകളിലും മൊബൈല്‍ റേഷന്‍ വിതരണം ആരംഭിക്കും. ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വനബന്ധു കല്യാണ്‍ യോജന 2.0 പ്രകാരം ഒരു ലക്ഷം കോടി രൂപ ചെലവഴിക്കും.

2സി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ഇന്ത്യയിലെ ആദ്യത്തെ ബ്ലൂ ഇക്കണോമി ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ നിര്‍മ്മിക്കുമെന്നും മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും, പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ഒരു കുടുംബത്തിന് സൗജന്യ ആരോഗ്യചികിത്സ ഉറപ്പാക്കിക്കൊണ്ട് വാര്‍ഷിക പരിധി അഞ്ചുലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും എംപാനല്‍ ചെയ്ത ലബോറട്ടറികളിലും ഇഡബ്ല്യുഎസ് കുടുംബങ്ങള്‍ക്ക് സൗജന്യ രോഗനിര്‍ണയ സേവനങ്ങള്‍ നല്‍കുന്നതിന് 110 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി സൗജന്യ ഡയഗ്നോസ്റ്റിക്സ് സ്‌കീം ആരംഭിക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

2036ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ഒളിമ്പിക് മിഷന്‍ ആരംഭിക്കും, ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കായി ഒരു ലക്ഷത്തിലധികം സര്‍ക്കാര്‍ ജോലികള്‍ സൃഷ്ടിക്കും. തൊഴിലാളികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കാന്‍ ശ്രമിക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കും. ഗുജറാത്ത് യൂണിഫോം സിവില്‍ കോഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുമെന്ന് ഉറപ്പാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

Exit mobile version