തൊടുപുഴ: മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ വീടൊഴിപ്പിക്കുന്നതിനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എം.എം. മണി എംഎല്‍എ. നോട്ടിസിനു പിന്നില്‍ ഞാനാണെന്നു പറയുന്നത് അസംബന്ധമാണ്.
അത് എന്റെ പണിയല്ല. റവന്യു വകുപ്പാണ് രാജേന്ദ്രന്‍ ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് എന്നും മണി പറഞ്ഞു. പഴയ എംഎല്‍എ പദവി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടതും റവന്യു വകുപ്പാണെന്ന് മണി പറഞ്ഞു.
മൂന്നാര്‍ ഇക്കനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രന്‍ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. വീട് പുറമ്പോക്കില്‍ നിര്‍മിച്ചതാണെന്നും ഏഴു ദിവസത്തിനകം സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫിസറാണ് നോട്ടിസ് നല്‍കിയത്.
ഒഴിപ്പിക്കല്‍ നോട്ടിസിനു പിന്നില്‍ എം.എം.മണിയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. ”എം.എം.മണിയുടെ നേതൃത്വത്തില്‍ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കല്‍ നോട്ടിസ്. മൂന്നാറില്‍നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുന്‍പ് എം.എം.മണി പൊതുവേദിയില്‍ ആഹ്വാനം ചെയ്തിരുന്നു.
ഇക്കാനഗറിലെ 60 കുടുംബങ്ങള്‍ക്ക് ഭൂരേഖകള്‍ ഹാജരാക്കാന്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. അതില്‍ എന്റെ പേരുമുണ്ട്. 29നാണു ഹിയറിങ്. അതിനു മുന്‍പ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നല്‍കിയിരിക്കുന്നത്.” അതിനെ നിയമപരമായി നേരിടുമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
Discussion about this post