കേരളത്തിന്റെ സ്വന്തം ബ്രാണ്ടി എത്തുന്നു; ‘മലബാര്‍ ബ്രാണ്ടി’ ഓണത്തിന് മുമ്പ് വിപണിയില്‍

മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്കായിരിക്കും വില്‍പ്പന നടത്തുക

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ‘മലബാര്‍ ബ്രാണ്ടി’ എന്ന പേരില്‍ പുറത്തിറക്കുന്ന പുതിയ മദ്യം ഓണത്തിന് മുമ്പ് വിപണിയില്‍ എത്തിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്ത. ഏപ്രില്‍ അവസാനത്തോടെ പുതിയ മദ്യം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്കായിരിക്കും വില്‍പ്പന നടത്തുക. ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസിലാണ് മലബാര്‍ ബ്രാന്‍ഡി ഉത്പാദിപ്പിക്കുക.ഇതിനായി ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.വില കുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചും സര്‍ക്കാര്‍ മേഖലയില്‍ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും ലക്ഷ്യമിട്ടാണ് മലബാര്‍ ബ്രാന്‍ഡി നിര്‍മിക്കുന്നത്.

അടുത്ത മാസം ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏക മദ്യം. ഇതിന്റെ ഉത്പാദനം കൂട്ടുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി പറഞ്ഞു.

Exit mobile version