ലോകകപ്പിനായി പത്തുവർഷത്തോളം നീണ്ട തയാറെടുപ്പ്. പരിശീലനം. ആദ്യ മത്സരത്തിൽ പരാജയം രുചിച്ച ഖത്തർ ദേശീയ ഫുട്‌ബോൾ ടീം അൽ അന്നാബിയുടെ വിജയത്തിനായി പ്രാർത്ഥനകളേറെയായിരുന്നു. പക്ഷേ, എല്ലാം നിഷഫലമായി. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഖത്തര്‍ ഇന്നലെ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും തോല്‍വി ഏറ്റുവാങ്ങി. അൽ ബെയ്ത്തിൽ സ്റ്റേഡിയം നിരാശയുടെ പർദയണിഞ്ഞ കാഴ്ച.
ഖത്തറിന്റെ വിജയത്തിന് വേണ്ടി ഖത്തർ ഫുട്‌ബോൾ അസോസിയേഷനും ഖത്തർ ഷെല്ലും ചേർന്ന് ഓൾ ഫോർ അൽ അന്നാബി എന്ന പേരിൽ നടത്തിയ പരേഡ് എന്തിനോ വേണ്ടി തിളച്ച സാമ്പാറുപോലെയായി. കഴിഞ്ഞ, തോൽവിയിലും ഖത്തറിന് നിരവധി റെക്കാഡുകളുണ്ട്.
ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലേറെ മത്സരങ്ങള്‍ തോറ്റ ആദ്യ ആതിഥേയ രാജ്യം എന്ന അപഖ്യാതിയാണ് ആദ്യത്തേത്.
ലോകകപ്പിന്റെ 92 വർഷത്തിനിടെ ഏറ്റവും നേരത്തെ പുറത്താകുന്ന ആദ്യ ആതിഥേയ രാജ്യം, ആദ്യമത്സരത്തിൽ തോറ്റ ആദ്യ ആതിഥേയർ തുടങ്ങിയ മോശം നേട്ടങ്ങളുമായാണ് മടക്കം. പക്ഷേ, ഖത്തർ തലതാഴ്ത്തിയല്ല മടക്കം. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോൾ എന്ന ചരിത്ര നേട്ടത്തിന്റെ സന്തോഷം ആതിഥേയക്കുണ്ട്. സെനഗലുമായുള്ള മത്സരത്തിന്ഫെ 78-ാം മിനിറ്റിലാണ് ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടിയത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്.