സെർബിയയ്ക്ക് മേൽ ബ്രസീലിന്റെ ജോഗോ ബോണിറ്റ നേടിയ അത്യുഗ്രൻ വിജയം ആഘോഷിച്ച ആരാധകർക്ക് പക്ഷേ, ആഹ്ലാദത്തിന്റെ പരകോടിയിലെത്താനായില്ല. കാരണം അവരുടെയുള്ളിൽ നൊമ്പരപ്പൂവായി ഒരു കാഴ്ചയെത്തി. പരിക്കേറ്റ് വേച്ച് വേച്ച് നടക്കുന്ന നെയ്മർ
വേദനയും നിരാശയും നിറഞ്ഞ സുൽത്താൻ്റെ മുഖം ആരാധകർക്ക് ഉള്ളുലയ്ക്കുന്ന നോവായി.
പിന്നാലെ ബ്രസീൽ ക്യാമ്പിൽ നിരാശപടർത്തി ഡോക്ടർമാർ ആ തീരുമാനമറിയിച്ചു. സൂപ്പർ താരം നെയ്മാറും ഡിഫൻഡർ ഡാനിലോയും പരുക്കുമൂലം 2 ഗ്രൂപ്പ് മത്സരങ്ങളിൽ പുറത്തിരിക്കും. സ്വിറ്റ്സർലൻഡിനും കാമറൂണിനുമെതിരെ കളിക്കാൻ ഇരുവരും ഉണ്ടാകില്ല. കഴിഞ്ഞ ദിവസം സെർബിയയ്ക്കെതിരായ മത്സരത്തിലാണ് താരങ്ങൾക്കു കണങ്കാലിനു പരുക്കേറ്റത്.
എംആർഐ പരിശോധനയെത്തുടർന്നാണ് തീരുമാനം. സെർബിയയ്ക്കിതിരെ രണ്ടാം പകുതിയിൽ പരുക്കേറ്റ ശേഷം കണ്ണീരോടെ ബെഞ്ചിലേക്കു മടങ്ങിയ നെയ്മാർ മുടന്തിയാണ് മൈതാനം വിട്ടത്. സെർബിയ ഡിഫൻഡർ നിക്കോള മിലങ്കോവിച്ചിന്റെ ടാക്കിളിൽ വലതു കണങ്കാലിനു പരുക്കേറ്റ നെയ്മാറിനെ 79–ാം മിനിറ്റിലാണ് കോച്ച് ടിറ്റെ തിരികെ വിളിച്ചത്.
കളിക്കിടെ 9 തവണയാണ് താരം കടുത്ത ടാക്ലിങ് നേരിട്ടത്. ഗ്രൂപ്പ് റൗണ്ടിൽ എല്ലാ ടീമും ഓരോ കളി വീതം പൂർത്തിയാക്കിയപ്പോൾ മറ്റൊരു താരവും ഇത്രയും ഫൗളിനു വിധേനായിട്ടില്ല. ഇത്തരം ഫൗളുകൾക്കിടെ പലപ്പോഴും വേദന കടിച്ചമർത്തിയാണ് നെയ്മാർ വീണിടത്തു നിന്ന് എഴുന്നേറ്റ് തുടർന്ന് കളിച്ചത്.
നെയ്മാറിനു പകരം ഇറക്കാൻ ബ്രസീലിന് പിന്നെയും മുന്നേറ്റനിരക്കാരുണ്ട്. പക്ഷേ നെയ്മാർ ടീമിനു നൽകുന്ന ക്രിയേറ്റിവിറ്റി പകരം വയ്ക്കാനാവില്ലെന്നാണ് ആരാധക പറയുന്നത്. വിഷമിക്കേണ്ട പ്രിയരേ, സുൽത്താൻ പരിക്ക് ഭേദമായി ഉടൻ തിരിച്ചെത്തും.
ടീമിൽ വിശ്വാസമർപ്പിക്കണമെന്നാവശ്യപ്പെട്ട് നെയ്മർ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.