ദോഹ: കടുത്ത പ്രതിരോധക്കോട്ട തീര്‍ത്ത് ബ്രസീലിനെ പൂട്ടാന്‍ മികച്ച കളിമികവ് പുറത്തെടുത്ത സെര്ബിയ്ക്കതിരെ ഇരട്ടഗോള്‍ പ്രഹരം നടത്തി 2-0 ന്റെ വിജയത്തുടക്കവുമായി കാനറികള്‍. 63-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ നല്കി കൃത്യതയാര്‍ന്ന പാസ് വലയ്ക്കുള്ളില്‍ അടിച്ചുകയറ്റി റിച്ചാര്ലിസന് ബ്രസിലീന് ആദ്യ ഗോള്‍ സമ്മാനിച്ചതോടെ അതുവരെ പിടിച്ചു നിന്ന സെര്‍ബിയന്‍ പ്രതിരോധക്കോട്ട തകരുകയായിരുന്നു. പത്തു മിനിട്ടുകള്‍ക്കുശേഷം 73-ാം മിനിട്ടില്‍ വീണ്ടും റിച്ചാര്ലിസന് സെര്‍ബിയന്‍ വല കുലുക്കിയപ്പോള്‍ ബ്രസീല്‍ തീര്‍ത്തത് 2-0 എന്ന അപരാജിത ഗോള്‍ മുന്നേറ്റമായിരുന്നു. ഇത്തവണയും വിനീഷ്യസ് ജീനിയര്‍ നല്കിയ പാസ് മനോഹരമായി ഒരു ബൈസിക്കിള്‍ കിക്കിലൂടെ റിച്ചാര്ലിസന് കരുത്തനായ സെര്‍ബീയന്‍ ഗോളി മിലിന്‍കോവിച്ച് സാവിച്ചിനെയും ഭേദിച്ച് സെര്‍ബിയന്‍ പോസ്റ്റിനുള്ളിലേക്ക് തുടുത്തു വിടുകയായിരുന്നു. അതോടെ ഇരട്ടഗോള്‍ നേട്ടവുമായി റിച്ചാര്ലിസന് കളിയിലെ മിന്നും താരമായി മാറി. രണ്ടാം ഗോളിനുശേഷം കളിയവസാനിക്കാനുള്ള 90 മിനിട്ടു വരെ ബ്രസീലിയന്‍ താരങ്ങളുടെ കടുത്ത അറ്റാക്കിങ് പ്ലേയായിരുന്നു ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗോളടിക്കാന്‍ ബ്രസീല്‍ താരങ്ങള്‍ മത്സരിച്ചു ശ്രമിച്ചതോടെ അവസാന മിനിട്ടുകളില്‍ കടുത്ത പ്രതിരോധത്തില്‍ കളിക്കേണ്ടി വന്ന സെര്‍ബിയയ്ക്ക് ഒരു ഗോള്‍ പോലും അടിക്കാന്‍ കഴിഞ്ഞില്ല. വമ്പന്മാരായ അര്‍ജന്റ്ീന, ജര്‍മ്മനി ടീമുകള്‍ക്ക് അടിപ്പറ്റിയപ്പോള് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരം അവിസ്മരണീയമാക്കി തുടക്കം മികവുറ്റതാക്കി.
ആദ്യ മിനിട്ടുമുതല്‍ ഗോളിനായി വമ്പന്‍ അറ്റാക്കിങ് ശൈലിയില്‍ പന്തു തട്ടിയ ബ്രസീലിനെ ഒത്തിണക്കത്തോടെ കളിച്ച സെര്‍ബിയന്‍ പ്രതിരോധം അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടപ്പിക്കുകയായിരുന്നു. നെയ്മറും വീനീഷ്യസ് ജൂനിയര്‍ റഫീന സഖ്യമടങ്ങുന്ന ബ്രസീലിയന്‍ മുന്നേറ്റനിരയുടെ ആക്രമണത്തെ മിലോസ് വെലികോവിച്ചും നിക്കോളസും പാവ്ലോവിച്ചുമടങ്ങുന്ന സെര്‍ബിയന്‍ പ്രതിരോധ നിര അതകിശക്തമായി തടഞ്ഞുകൊണ്ടുള്ള മാസ്കമരിക പ്രകടനമാണ് നടത്തിയത്. ഒന്‍പതാം മിനിറ്റില്‍ കാസെമിറോയുടെ പാസില്‍, നെയ്മര്‍ സെര്‍ബിയ ബോക്സില്‍ മികച്ച പ്രകടനം നടത്തി ഗോള്‍ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. 13-ാം മിനിറ്റില്‍ കോര്‍ണര്‍ എടുത്തുകൊണ്ടുള്ള നെയ്മറുടെ മറ്റൊരു ഗോള്‍ ശ്രമം സെര്‍ബിയ ഗോളി സാവിച് തട്ടിമാറ്റി. തുടര്‍ന്ന് കോര്‍ണര്‍ കിക്കെടുത്ത മാകിഞ്ഞോയോടു ഷോട്ട് സാവിച്ച് പിടിച്ചെടുക്കുകയായിരുന്നു. 28-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ, വിനിഷ്യസിനു നല്കിയ ത്രൂബോള്‍ സെര്‍ബിയ ഗോളി ഗോളാകാന്‍ അനുവദിച്ചില്ല. 41-ാം മിനിറ്റില്‍ വിനിഷ്യസിന്റെ വീണ്ടുമൊരു ഗോള്‍ ശ്രമം സെര്‍ബിയന്‍ പ്രതിരോധ താരം മിലെങ്കോവിച്ച് പരാജയപ്പെടുത്തി. അങ്ങനെ മികച്ച അറ്റാക്കിങ് ശ്രമങ്ങളുമായി ബ്രസീലും കടുത്ത പ്രതിരോധ കോട്ടയുമായി സെര്‍ബിയയും കളം നിറഞ്ഞു നിന്നതോടെ ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെര്‍ബിയന്‍ ഗോള്‍ കീപ്പര്‍ നല്കിയ പിഴവിലൂടെ അവസരം ലഭിച്ച ബ്രസീലിനു വലയ്ക്കകത്താകാന് സാധിച്ചില്ല. സാവിച്ച് ഗോളാ ഗുഡേജിനു നല്കിയ പാസ് തട്ടിയെടുത്ത റാഫിഞ്ഞ നല്കിയ മനോഹര ഷോട്ട് പക്ഷേ മികച്ചൊരു സേവിലൂടെ സെര്‍ബിയന്‍ കീപ്പര്‍ തട്ടിമാറ്റിയപ്പോള്‍ താന്‍ നല്കിയ പിഴവിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു അയ്യാള്. തടുര്‍ന്ന് സെര്‍ബിയ ബോക്സിനു അടുത്തായി നെയ്മാറെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് നെയ്മര്‍ തന്നെ എടുത്തെങ്കിലും സെര്‍ബിയന്‍ പ്രതിരോധ നിരയെ തട്ടിമാറ്റി പോകാനുള്ള ശേഷി ആ ഫ്രീകിക്കിനില്ലായിരുന്നു.
ലൂസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന മഞ്ഞക്കുപ്പായ ജേഴ്സി ആരാധകരെ ആവേശ-ആഘോഷത്തിമിര്‍പ്പിലേക്ക് ആനയിച്ച് 63-മിനിട്ടില്‍ ബ്രസീല്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ ലോകമെമ്പാടം ഈ മത്സരം ഉറ്റനോക്കിക്കൊണ്ടിരുന്ന ബ്രസീലിയന്‍ ആരാധകര്‍ക്ക് ഊര്‍ജ്ജവും ആവേശവുമായി ആ ഗോള്‍. പത്തു മിനിട്ടുകള്‍ക്കുള്ളില്‍ വീണ്ടു റിച്ചാലിസന് മനോഹര ബൈസിക്കിള്‍ കിക്കിലൂടെ സെര്‍ബിയന്‍ വല കുലുക്കിയതോടെ കാണികളുടെ ആവേശം പാരമ്യതയിലെത്തി. പിന്നീട് അങ്ങോട്ട് ബ്രസീല്‍ അറ്റാക്കിങ് ശക്തമാക്കിയപ്പോള്‍ ഗോള്‍ അടിക്കാനുള്ള അവസരങ്ങള്‍ സെര്ബിയയ്ക്കില്ലാതെ പോയി.
ഈ വിജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുകള്‍ നേടി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ബോള്‍ പൊസിഷനില്‍ 59 ശതമാനം ബ്രസീലിനായിരുന്നു. അതില്‍ 22 ഷോട്ടുകള്‍ പായിക്കുകയും എട്ട ടാര്‍ജെറ്റ് ഷോട്ടുകള്‍ സെര്‍ബിയന്‍ ഗോള്‍ മുഖത്തേക്കു പായിക്കാന്‍ ബ്രസീലിനായി. അഞ്ച് ഷോട്ടുകള്‍ മാത്രം പായിച്ച സെര്ബിയ്ക്ക് 12 ഫൗളും മൂന്നു ഞ്ഞക്കാര്ഡും ലഭിച്ചു.
Discussion about this post