തിരുവനന്തപുരം: ഫുട്‌ബോളിനെതിരായ സമസ്തയുടെ നിലപാട് തള്ളി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്തെത്തി. സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.താരാരാധന കായികപ്രേമികളുടെ വികാരമാണ്. മതം അതിന്റെ വഴിക്കും സ്‌പോര്‍ട്‌സ് അതിന്റെ വഴിക്കും പോകട്ടെയെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു.
ഫുട്‌ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദ്ദേശം സംസ്ഥാനത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. സമസ്തയുടെ നിര്‍ദേശത്തിനിതിരെ നവ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട കായികപ്രേമികള്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്ത് വന്നു. എന്നാല്‍ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫുട്‌ബോള്‍ ആരാധനക്കെതിരെ മുന്നറിയിപ്പ് നല്‍കുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ആവര്‍ത്തിച്ചത്.