മുസഫര്‍പുര്‍: ബിഹാറില്‍ മോഷ്ടാക്കള്‍ ഒരു തുരങ്കം വഴി ട്രെയിന്‍ എഞ്ചിന്‍ കടത്തിക്കൊണ്ടുപോയി. റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എഞ്ചിന്‍ ഘട്ടം ഘട്ടമായി പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച എഞ്ചിന്‍ ഭാഗങ്ങള്‍ പിന്നീട് മുസാഫര്‍പൂരിനടുത്തുള്ള പ്രഭാത് നഗറില്‍ നിന്ന് കണ്ടെടുത്തു.
ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഡീസല്‍ എഞ്ചിനാണ് മോഷണം പോയത്. കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുസാഫര്‍പൂര്‍ റെയില്‍വേ സംരക്ഷണ സേന ഇന്‍സ്പെക്ടര്‍ പി.എസ് ദുബെ പറഞ്ഞു. കവര്‍ച്ച നടന്ന എഞ്ചിന്‍ യാര്‍ഡിലേക്ക് മോഷ്ടാക്കള്‍ ഒരു തുരങ്കം നിര്‍മ്മിച്ചതായി അദ്ദേഹം പറഞ്ഞു.