പട്‌ന: ബിഹാറില്‍ 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് ലഭിച്ച ശിക്ഷ അഞ്ചു സിറ്റ് അപ്പുകള്‍. ആളുകള്‍ക്ക് മുന്‍പില്‍ പ്രതി സിറ്റ് അപ്പ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നു. ബിഹാറിലെ നവാഡ് ജില്ലയിലാണ് സംഭവം. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ ഫാമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇയാളെ പിടികൂടി. പഞ്ചായത്തു കൂടിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. ബലാത്സംഗത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്നു വിധിച്ച പഞ്ചായത്ത് കൂട്ടം കുട്ടിയെ ആളോഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയതിനു മാത്രമാണ് ശിക്ഷ നല്‍കിയത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇവിടെ പൊലീസും നിയമവും ഇല്ലേയെന്നും പ്രാചീന രീതിയിലാണോ ശിക്ഷാ വിധികള്‍ ഇപ്പോഴും നടക്കുന്നതെന്നുമടക്കമുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മറുപടി പറയണമെന്നും സമൂഹമാധ്യമത്തിലൂടെ ആളുകള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു.