ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയത്തോടെ അരങ്ങേറി. ഘാനയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്. ക്രിസ്റ്റിയാനോ ഗോള്‍ നേട്ടത്തോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ.
മത്സരത്തില്‍ പോര്‍ച്ചുഗലിന് തന്നെയാിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്.
10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ശ്രമവും പരാജയപ്പെട്ടു. 28-ാം മിനിറ്റില്‍ ജാവോ ഫിലിക്സിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നുപോയി. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു.