തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ മന്ത്രി അനില്‍ വിളിച്ച ചര്‍ച്ച വിജയം. ഇതോടെ കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങള്‍ക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കാമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തെ (2022-23) റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നല്‍കേണ്ടുന്ന തുക ബജറ്റ് വകയിരുത്തലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കാണാന്‍ കഴിയാതെപോയതെന്നും മന്ത്രി ചര്‍ച്ചയില്‍ വിശദീകരിച്ചു.