ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ കുട്ടികളില്‍ അഞ്ചാംപനി വ്യാപിക്കുന്നതിന് തുടര്‍ന്ന് അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ്, കേരളത്തിലെ മലപ്പുറം എന്നിവിടങ്ങളിലേക്കാണ് മൂന്നംഗ വിദഗ്ധ സംഘമെത്തുക.
കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് നടപടി.സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സംഘം നല്‍കും.പകര്‍ച്ചവ്യാധിയെക്കുറിച്ച് വിശദമായി അന്വേഷിക്കും. കഴിഞ്ഞ ദിവസം മുംബൈയില്‍ അഞ്ചാംപനി ബാധിച്ച് 13 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു മരണവും സംഭവിച്ചിട്ടുണ്ട്. രോഗം ബാധിച്ച 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടാതെ മേഖലയില്‍ 156 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബിഎംസി അറിയിച്ചു.കൊറോണ വ്യാപിച്ചതോടെ അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു.
ഇതിനാലാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കുട്ടികളില്‍ വ്യാപകമായി അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
നിലവില്‍ അഞ്ചാംപനി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളെയാണ് . കുട്ടികളില്‍ ഇത് മരണസംഖ്യ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
Discussion about this post