അഴിമതി, മോശം പ്രകടനം: ഓരോ 3 ദിവസത്തിലും ഒരാളെവീതം പുറത്താക്കി റെയില്‍വെ

ന്യൂഡല്‍ഹി: അഴിമതിക്കാരെയും, മോശം പ്രകടനം നടത്തുന്നവരെയും ജോലിയില്‍നിന്ന് പുറത്താക്കി ഇന്ത്യന്‍ റെയില്‍വേ. 2021 ജൂലൈ മുതലുള്ള കണക്കുകള്‍ പ്രകാരം ഓരോ മൂന്നുദിവസത്തിലൊരിക്കലും മോശം പ്രകടനം കാഴ്ചവെച്ചതോ അഴിമതി നടത്തിയതോ ആയ ഒരു ജീവനക്കാരനെയോ ജീവനക്കാരിയേയോ പുറത്താക്കിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

നടപടികളുടെ ഭാഗമായി 139 ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിത സ്വയംവിരമിക്കല്‍ സ്വീകരിക്കേണ്ടിവന്നു. കൂടാതെ 38 പേരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ സര്‍വീസ് നിയമങ്ങളിലെ 56 (ജെ) നിയമപ്രകാരമാണ് ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കുന്നത്.

മോശം പ്രകടനം കാഴ്ചവെക്കുന്നവരെ പുറത്താക്കുക എന്ന സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെ ങ്കില്‍ വി.ആര്‍.എസ്. എടുത്ത് വീട്ടില്‍ ഇരുന്നോളൂവെന്ന് അദ്ദേഹം പലകുറി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

https://youtu.be/BDyFjPam3Vk

ഇലക്ട്രിക്കല്‍ ആന്‍ഡ് സിഗ്നലിങ്, മെക്കാനിക്കല്‍, ട്രാഫിക് തുടങ്ങിയ വിഭാഗങ്ങളി ല്‍നിന്നുള്ളവര്‍ക്കെതിരേയാണ് നടപടി എടുത്തിട്ടുള്ളത്. ബുധനാഴ്ച രണ്ട് സീനിയര്‍ ഗ്രേഡ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

കൈക്കൂലി വാങ്ങിയതിനെതിരേയാണ് ഇവര്‍ക്കുനേരെ നടപടി സ്വീകരിച്ചത്. ഇതില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയ അഞ്ചുലക്ഷംരൂപയുമായി ഹൈദരാബാദില്‍നിന്നാണ് പിടിയിലായത്. രണ്ടാമത്തെയാള്‍ റാഞ്ചിയില്‍നിന്ന് മൂന്നുലക്ഷം രൂപയുമായാണ് പിടിയിലായത്.

പണിയെടുക്കൂ അല്ലെങ്കില്‍ പുറത്തുപോകൂ എന്ന തന്റെ നിലപാടിനെ കുറിച്ച് ഉത്തമബോധ്യത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുള്ളതെന്നും 2021 ജൂലൈ മുതല്‍ ഓരോ മൂന്നുദിവസത്തിലും ഒരു മോശം തൊഴിലാളിയെ വീതം പിരിച്ചുവിട്ടിട്ടുള്ളതായും ഉന്നത റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

Exit mobile version