ലൈംഗിക ബന്ധത്തിനിടെ സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തി: ദുര്‍മന്ത്രവാദി അറസ്റ്റില്‍

രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കേല ബവ്ധി വനമേഖലയിലാണ് സംഭവം

ജയ്പുര്‍: കാട്ടില്‍ ലൈംഗിക ബന്ധത്തിനിടെ സൂപ്പര്‍ ഗ്ലൂ ഒഴിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ ദുര്‍മന്ത്രവാദിയെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധ്യാപകനായ രാഹുല്‍ മീണയെയും (32) സോനു കന്‍വാറിനെയുമാണ് (31) നഗ്‌നരായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കേല ബവ്ധി വനമേഖലയിലാണ് സംഭവം. ഇരുവരുടേയും വിവാഹേതര ബന്ധമാണിതെന്നും പൊലീസ് അറിയിച്ചു.

മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയില്‍ 200ല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തു. അന്‍പതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അവസാനമാണ് ദുര്‍മന്ത്രവാദിയായ ഭലേഷ് ജോഷിയിലേക്ക് അന്വേഷണമെത്തുന്നത്.

ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ബിസിനസുകാരും പ്രാദേശിക രാഷ്ട്രീയക്കാരും അടക്കമുള്ളവര്‍ സ്ഥിരമായി ഭലേഷ് ജോഷിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. പല സാധാരണക്കാരും ദുര്‍മന്ത്രവാദത്തിനായി ജോഷിയെ സമീപിച്ചിരുന്നു.

https://youtu.be/YCcfxujS1D0

ഭലേഷ് ജോഷി കഴിഞ്ഞിരുന്ന ക്ഷേത്രത്തില്‍ വച്ചാണ് രാഹുലും സോനും കണ്ടുമുട്ടുന്നത്. അവിടെ വെച്ചാണ് ബന്ധം തുടങ്ങുന്നത്. സോനു സ്ഥിരമായി ജോഷിയുടെ അടുത്ത് പൂജകള്‍ക്കായി പോകുമായിരുന്നു.

രാഹുലുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായതോടെ ഉപദേശത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ജോഷിയെ സമീപിച്ചു. രാഹുലിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ജോഷി ഭാര്യയോടു പറഞ്ഞു.

വിവരം അറിഞ്ഞപ്പോള്‍ തന്നെ ജോഷി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് സോനു ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്നാണ് ജോഷി ഇരുവരെയും കൊല്ലാന്‍ തീരുമാനിച്ചത്.

അതിനായി 15 രൂപയുടെ പെട്ടെന്ന് ഒട്ടിപ്പിടിക്കുന്ന 50 സൂപ്പര്‍ ഗ്ലൂ ട്യൂബുകള്‍ വാങ്ങി ഒരു കുപ്പിയില്‍ ഒഴിച്ചുവച്ചു.നവംബര്‍ 18ന് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമെന്ന വ്യാജേന രാഹുലിനെയും സോനുവിനെയും ജോഷി വനത്തിലെ ഒറ്റപ്പെട്ട പ്രദേശത്തേക്കു വിളിപ്പിച്ചു.

അവരുടെ പ്രശ്‌നങ്ങള്‍ മാറാന്‍ ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നിട്ട് ഇയാള്‍ സ്ഥലത്തുനിന്നു മാറി. രാഹുലും സോനുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ തിരിച്ചെത്തി ഇവരുടെ മേല്‍ സൂപ്പര്‍ ഗ്ലൂ ഒഴിക്കുകയായിരുന്നു.

പിന്നാലെ ജോഷി രാഹുലിന്റെ കഴുത്ത് അറുത്തു. സോനുവിനെ കുത്തിക്കൊലപ്പെടുത്തി. വനത്തിനുള്ളിലെ റോഡില്‍നിന്ന് 300 മീറ്റര്‍ മാറിയായിരുന്നു പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇരുവരും പശയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോഷിയുടെ കൈ നഖത്തിന്റെ ഇടയില്‍നിന്ന് സൂപ്പര്‍ ഗ്ലൂ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

Exit mobile version