കണ്ണൂർ: തലശേരി ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കിടെയാണ് തലശേരി ചേറ്റംകുന്നം സ്വദേശിയായ പതിനേഴുകാരന്‍ സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിന്റെ കൈ ഒടിഞ്ഞത്.
പിന്നാലെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ആശുപത്രിയിലെ ചികിത്സാപിഴവും സര്‍ജറിക്കുള്ള കാലതാമസവും വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചെന്നാണ് പരാതി ഉയര്‍ന്നത്.
സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഡിസംബര്‍ 23ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗിലാണ് പരാതി പരിഗണിക്കുക. പാലക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സുല്‍ത്താന്‍.
https://youtu.be/BDyFjPam3Vk
Discussion about this post