ഖത്തറില്‍ ഉദയസൂര്യന്‍, സാമുറായി പടയോട്ടത്തില്‍ തകര്‍ന്ന് ജര്‍മനി 

ദോഹയില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഉദയസൂര്യന്‍ ജ്വലിച്ചുയരുകയായിരുന്നു. ഉദയസൂര്യന്റെ നാടായ ജപ്പാന്റെ അത്യുജ്ജല വിജയത്തിനാണ് ഈ രാത്രി ലോകം സാക്ഷ്യം വഹിച്ചത്. അര്‍ജന്റീനയ്ക്കു പിന്നാലെ ജര്‍മനി. അട്ടിമറികളാല്‍ അടിമുടി വിറയ്ക്കുകയാണ് ഖത്തര്‍ ലോകപ്പ്. യൂറോപ്യന്‍ രാജ്യങ്ങളുടെ ആധിപത്യം തകര്‍ത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കരുത്താര്‍ന്ന കടന്നുവരവിന് അരങ്ങൊരുക്കിയ ലോകകപ്പ് എന്ന ഖ്യാതിയിലേക്കാണ് ഖത്തര്‍ നീങ്ങുന്നത്. ആക്രമണത്തിലും പ്രതിരോധത്തിനും പേരുകേട്ട ജര്‍മന്‍ പടയെ ഉദയസൂര്യന്റെ നാട്ടിലെ താരങ്ങള്‍ പിടിച്ചുകെട്ടിയ ശേഷം ഒന്നിനെതിരേ രണ്ടു ഗോളിന് കീഴടക്കുമ്പോള്‍ ഫുട്‌ബോള്‍ എന്ന കളിയുടെ മാന്ത്രികതയാണ് വീണ്ടും മറനീക്കി എത്തിയത്. കളിയുടെ ആരംഭം മുതല്‍ ജര്‍മനി ആക്രമണം തുടങ്ങിയപ്പോള്‍ പ്രതിരോധത്തിലേക്ക് മാറാതെ പ്രത്യാക്രമണമെന്ന കളിശൈലിയൂടെ തിരിച്ചടിച്ചായിരുന്നു ജപ്പാന്റെ മറുപടി. ലോകകപ്പില്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷം ഒരു കളി പോലും ജയിച്ചിട്ടില്ലെന്ന ചീത്തപ്പേരും ജര്‍മനിക്കെതിരായ മത്സരത്തിലൂടെ ജപ്പാന്‍ തിരുത്തി.

സൗദിക്കെതിരേ അട്ടിമറി തോല്‍വി നേരിട്ട അര്‍ജന്റീനയെ പോലെ പെനാല്‍റ്റിയിലൂടെയാണ് ജര്‍മനി മുന്നിലെത്തിയതെങ്കിലും സുന്ദരമായ നീക്കങ്ങളിലൂടെ ജര്‍മന്‍ പ്രതിരോധം തകര്‍ത്താണ് ജപ്പാന്‍ രണ്ടു മിന്നും ഗോളുകള്‍ നേടിയത്. റിറ്റ്‌സു ഡോവാന്‍, താക്കുമോ അസാനോ എന്നിവരാണ് ജപ്പാന്റെ ഈ രാത്രിയിലെ താരങ്ങള്‍.

മുപ്പത്തിമൂന്നാം മിനിറ്റില്‍ ഗുണ്ടോഗനിലൂടെയാണ് പെനാല്‍റ്റി വഴി ജര്‍മനി മുന്നിലെത്തി. പിന്നീട് ആക്രമണം ശക്തമാക്കിയ ജര്‍മനിക്ക് പക്ഷേ നേരിടേണ്ടി വന്നത് സാമുറായി പടയുടെ പടയോട്ടമായിരുന്നു.  എഴുപത്തിയഞ്ചാം മിനിറ്റില്‍ ഡൊവാന്‍ സമനിലയിലൂടെ ജര്‍മനിയിലെ ഞെട്ടിച്ചു. ജപ്പാന്‍ മിഡ്ഫീല്‍ഡറുടെ ക്രോസ് ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂര്‍ തട്ടിയകറ്റിയത് നേരേ ലഭിച്ചക് ഡൊവാന്റെ കാലുകളിലേക്കായിരുന്നു. ഡൊവാന്റെ ഷോട്ട് ലക്ഷ്യം തെറ്റിയില്ല. സമനില എന്ന ഷോക്ക് മാറും മുന്‍പ് കൃത്യം എട്ട് മിനിറ്റിനു ശേഷം അതിലും സുന്ദരമായ ഒരു ഗോള്‍ വലയിലാക്കി അസാനോ ജപ്പാന് അവിശ്വസനീയവും ആവേശോജ്വലവുമായ അട്ടമിറ വിജയം സമ്മാനിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്‌സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി.

Exit mobile version