ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കര്‍ കൊലപാതകക്കേസ് പ്രതി അഫ്താബ് അമീന്‍ പൂനവാല തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്ന് ശ്രദ്ധ നേരത്തേ മുംബൈ വസായ് പൊലീസിന് പരാതി നല്‍കിയിരുന്നതായി സ്ഥിരീകരണം. 2020 നവംബര്‍ 23നാണ് ശ്രദ്ധ പരാതി നല്‍കിയത്.
‘ഇന്ന് എന്നെ അയാള്‍ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, വെട്ടിനുറുക്കി മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിയുമെന്നും ഭീഷണിപ്പെടുത്തി. ആറു മാസത്തിലേറെയായി നിരന്തരം മര്‍ദനം അനുഭവിക്കുന്നു. ആരോടെങ്കിലും ഇതെല്ലാം തുറന്നു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന അഫ്താബിന്റെ ഭീഷണി ഭയന്നാണു പൊലീസിനെ ഇതുവരെ സമീപിക്കാതിരുന്നത്.ഞങ്ങള്‍ ലിവ്ഇന്‍ ബന്ധത്തിലാണെന്ന കാര്യം അഫ്താബിന്റെ മാതാപിതാക്കള്‍ക്ക് അറിയാം, ആഴ്ചകളില്‍ അവര്‍ ഇവിടെ വരാറുണ്ട്. അഫ്താബിന്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ചും നിരന്തരം ഞാന്‍ നേരിടുന്ന പീഡനത്തെ കുറിച്ചും അവര്‍ക്കും അറിവുള്ളതാണ്. ഉടന്‍ തന്നെ വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊടുംക്രൂരതയെല്ലാം സഹിച്ചിരുന്നത്. എന്നാല്‍ ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍’ വസായ് പൊലീസിന് ശ്രദ്ധ നല്‍കിയ പരാതിയില്‍ പറയുന്നു.
വസായ് പൊലീസിന് ശ്രദ്ധയുടെ കൈപ്പടയില്‍ തയാറാക്കിയ പരാതി നല്‍കിയിരുന്നതായി മഹാരാഷ്ട്ര പൊലീസ് സ്ഥിരീകരിച്ചു. ഈ പരാതിയില്‍ വസായ് പൊലീസ് എന്തു നടപടിയാണ് എടുത്തതെന്ന് പരിശോധിക്കുകയാണെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു.
തന്നെ അപായപ്പെടുത്താന്‍ അഫ്താബ് ശ്രമിക്കുമെന്നും പരാതിയില്‍ ശ്രദ്ധ പറയുന്നു. ഇനി മുതല്‍ ശ്രദ്ധയെ ഉപദ്രവിക്കില്ലെന്നും മുംബൈയില്‍ ശ്രദ്ധ താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കില്ലെന്നുമുള്ള അഫ്താബിന്റെ മാതാപിതാക്കളുടെ ഉറപ്പില്‍ പരാതിയുമായി മുന്നോട്ടു പോയിരുന്നില്ലെന്ന് ശ്രദ്ധയുടെ സഹപ്രവര്‍ത്തകന്‍ കരണ്‍ വെളിപ്പെടുത്തി.