തരൂരിനെതിരെ പരാതി ലഭിച്ചിട്ടില്ല; നീക്കം പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ല: താരിഖ് അന്‍വര്‍

കെ.പി.സി.സി. തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

ഡല്‍ഹി: ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചര്‍ച്ചകള്‍ കത്തി നില്‍ക്കെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളെ കാണും. മറ്റന്നാള്‍ ആണ് അദ്ദേഹം കേരളത്തിലേക്കെത്തുന്നത്. തരൂരിന്റ നീക്കം പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. തരൂരിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. കെ.പി.സി.സി. തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും എ.ഐ.സി.സി. അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കേരളത്തിലേക്കെത്തുന്നത്. കോഴിക്കോട് വച്ചാണ് നേതാക്കളെ കാണുന്നത്.കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തരൂര്‍ നടത്തുന്ന കേരള പര്യടനം സംബന്ധിച്ച വിവാദത്തില്‍ തല്‍ക്കാലം എഐസിസി ഇടപെടില്ല.

വിഷയത്തില്‍ തത്കാലം ഇടപെടേണ്ടെന്നും കെ.പി.സി.സി. പ്രശ്‌നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയില്‍ ചുമതലകള്‍ നല്‍കിയിരുന്നില്ല. അദ്ദേഹം കേരളത്തില്‍ മലബാറിലെ ജില്ലകളില്‍ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അടക്കം കണ്ട് നടത്തുന്ന പര്യടനം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിക്ക് കാരണമായിരുന്നു.

കോഴിക്കോട് നടന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കണ്ണൂരിലെ പരിപാടിയില്‍ നിന്ന് ഡി.സി.സിയും വിട്ടുനിന്ന സംഭവം വന്‍ വിവാദമായത് പാര്‍ട്ടിക്ക് തന്നെ ക്ഷീണമായിരുന്നു.

Exit mobile version