ജിറൂദിന്റെ ഇരട്ടഗോള്‍; ലോക ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം

ആദ്യ പകുതിയില്‍ വ്യക്തമായ മേധാവിത്വം നേടിയ ഫ്രാന്‍സ് രണ്ടാം പകുതിയിലും അതേ നില തുടര്‍ന്ന് ചാമ്പ്യന്‍ പോരാട്ടം പുറത്തെടുത്തു

ദോഹ: പത്താം മിനിട്ടിനുള്ളില്‍ വിറപ്പിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ ഭീഷണിയെ മറികടന്ന് നാല് ഗോളെന്ന അപരാജിത ആധിപത്യത്തിലൂടെ ആദ്യമത്സരത്തില്‍ വിജയക്കൊടി പാറിച്ച് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ മിന്നും വിജയം. ഇരട്ടഗോള്‍ നേടിയ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം ഒലിവര്‍ ജിറുദാണ് ഓസ്‌ട്രേലിയന്‍ വിജയത്തെ നിഷ്പ്രഭമാക്കിയത്. 32 -ാം മിനിട്ടിലും 71-ാം മിനിട്ടിലുള്‍പ്പടെ ജിറുദ് നേടിയ ഇരട്ട ഗോളിനൊപ്പം, 27-ാം മിനിട്ടില്‍ അഡ്രിയാന്‍ റാബിയൂട്ടും 68-ാം മിനിട്ടില്‍ ഐക്കണ്‍ താരം കെലിയന്‍ എംബാപെയുമാണ് ഫ്രാന്‍സിനുവേണ്ടി ഗോള്‍ നേടിയത്.

മത്സരം തുടങ്ങി 9-ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ പ്രതിരോധ നിരയെ വെട്ടിച്ച് ഓസ്‌ട്രേലിയന്‍ താരം മാത്യു ലക്കിയുടെ മനോഹരമായ ഒരു പാസ് ക്രെയ്ഗ് ഗുഡവിന്‍ ഗോളാക്കുകയായിരുന്നു. അല്‍ ജനാബ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞു നിന്ന കാണികളെ ആവേശഭരിതരാക്കി ഓസ്‌ട്രേലിയ നേടിയ ഗോള്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

https://youtu.be/f9aUtqMBoDU

എന്നാല്‍ ഒന്‍പതാം മിനിട്ടില്‍ ഓസ്‌ട്രേലിയ നേടിയ ഗോള്‍ ആധിപത്യത്തിന് 27 മിനിട്ടില്‍ അഡ്രിയാന്‍ റാബിയൂട്ടിലൂടെ സമനില നേടി ഫ്രാന്‍സ് ഗോള്‍ വേട്ടയ്ക്കു തുടക്കമിടുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ആദ്യ ഗോളിനുശേഷം നിരന്തരം ആക്രമിച്ചു കളിച്ച ഹ്യുഗോ ലോറിസിന്റെ ഫ്രാന്‍സ് ടീം അവരുടെ രണ്ടാം ഗോള്‍ 32 മിനിട്ടില്‍ അടിച്ചു ചാമ്പ്യന്‍ കുതിപ്പിനു തുടക്കമിട്ടു. റാബിയൂട്ട് നല്‍കിയ മനോഹരമായ കട്ട്ബാക്ക് ഒലിവര്‍ ജിറുദ് എന്ന സൂപ്പര്‍താരം നിഷ്പ്രയാസം ഗോളാക്കി മാറ്റി. ഫ്രാന്‍സിനുവേണ്ടി 50-ാമത്തെ അന്താരാഷ്ട്ര ഗോള്‍ നേടിയ ജിറൂദ് തന്റെ കളി പ്രായം അവസാനിച്ചിട്ടില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്.

ആദ്യ പകുതിയില്‍ വ്യക്തമായ മേധാവിത്വം നേടിയ ഫ്രാന്‍സ് രണ്ടാം പകുതിയിലും അതേ നില തുടര്‍ന്ന് ചാമ്പ്യന്‍ പോരാട്ടം പുറത്തെടുത്തു. ഓസ്‌ട്രേലിയന്‍ പ്രതിരോധനിരയെ വിരട്ടിക്കൊണ്ട് ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ കാണികളെ ആവേശഭരിതരാക്കി.

പത്താം നമ്പറുകാരന്‍ സൂപ്പര്‍ താരം മുന്‍ ലോകകപ്പ് കണ്ടെടുത്ത മുത്ത് കെലിയന്‍ എംബാപെ 68-ാം മിനിട്ടില്‍ ഖത്തര്‍ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 71-ാം മിനിട്ടില്‍ തന്റെ രണ്ടാം ഗോള്‍ നേടി ഒലിവര്‍ ജിറൂദ് ഫ്രാന്‍സിനെ മികച്ചൊരു ലീഡിലേക്കുയര്‍ത്തി. ഈ ഗോളോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡ് തിയറി ഹെന്റിയോടൊപ്പം പങ്കിടാനും ജിറൂദിനു സാധിച്ചു. ഇതോടൊപ്പം ലോകകപ്പില്‍ ഗോളടിക്കുന്ന പ്രായം കൂടിയ യൂറോപ്യന്‍ താരമെന്ന നേട്ടവും ജിറൂദെന്ന 36 വയസുകാരന്‍ സ്വന്തമാക്കി.

Exit mobile version