കോയമ്പത്തൂര്‍: മംഗളൂരു പ്രഷര്‍ കുക്കര്‍ സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരന്‍ മുഹമ്മദ് ഷാരിഖും സംഘവും സ്‌ഫോടനത്തിന് മുമ്പ് ശിവമോഗയില്‍ ട്രയല്‍ നടത്തിയിട്ടുണ്ടെന്ന് കര്‍ണാടക പൊലീസ്.
പ്രഷര്‍ കുക്കര്‍ ബോംബിന്റെ ട്രയല്‍ നടത്തിയത് വനമേഖലയിലാണെന്നും സിഎഎ, ഹിജാബ് പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ ഇവര്‍ വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് കരുതുന്നയാള്‍ ഇപ്പോള്‍ യുഎഇയിലേക്ക് കടന്നതായി വിവരം ലഭിച്ചെന്നും അന്വേഷണ സംഘം സൂചന നല്‍കി.
കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളിലാണ് ഷാരിഖ് താമസിച്ചിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ താടി ഉപേക്ഷിച്ചതായും അന്വേഷണസംഘം കണ്ടെത്തി. കര്‍ണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
https://youtu.be/BDyFjPam3Vk
ഇതിനിടെ ഷാരിഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരുവിലും മൈസൂരുവിലുമുള്ള വീടുകളിലാണ് ഇന്നു പരിശോധന നടന്നത്.കഴിഞ്ഞ ദിവസം ശിവമോഗയില്‍ നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കള്‍ അടക്കം കണ്ടെത്തിയിരുന്നു.
ഷാരിഖ് സന്ദര്‍ശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി. കോയമ്പത്തൂരില്‍ ഷാരിഖിനു സിം കാര്‍ഡ് എടുത്തു നല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ തുടര്‍ച്ചയായ 3 ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു.
സ്‌ഫോടനത്തില്‍ പരുക്കേറ്റ ഷാരിഖ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അതിനിടെ, കാര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ മംഗളുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ എന്‍ഐഎ നീക്കം തുടങ്ങി.
കാര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷര്‍ കുക്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും കൂടിക്കാഴ്ച നടത്തിയെന്നു സ്ഥിരീകരിച്ചതിനു പിറകെയാണു നീക്കം. സ്‌ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്തുവെന്നു കരുതുന്ന ശിവമോഗ സ്വദേശിക്കായി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.
Discussion about this post