ലോകത്തിലെ ഏറ്റവും ‘പ്രായമേറിയ കുഞ്ഞുങ്ങള്‍’ ജനിച്ചു

ലോകത്തിലെ ഏറ്റവും പ്രായമേറിയ കുഞ്ഞുങ്ങള്‍ എങ്ങനെയാണ് ഇപ്പോള്‍ ജനിക്കുക. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ മിക്കവര്‍ക്കും സംഗതി മനസിലാകണമെന്നില്ല. ചരിത്രം സൃഷ്ടിച്ച് ഇരട്ടകള്‍ ജനിച്ചിരിക്കുന്നത് യുഎസിലെ ഒറിഗോണിലാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂക്ഷിച്ച ഭ്രൂണങ്ങള്‍ കടം കൊണ്ട സ്ത്രീയാണ് ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷം മുമ്പുണ്ടായ ഭ്രൂണം സൂക്ഷിക്കുകയോ എന്ന സംശയവും നിങ്ങളില്‍ വരാം. അതെ, ബീജവും അണ്ഡവും സംയോജിച്ച് സാധാരണഗതിയില്‍ ഗര്‍ഭപാത്രത്തിനകത്താണ് ഭ്രൂണം രൂപപ്പെടുന്നത്.

എന്നാല്‍ കുട്ടികളുണ്ടാകാന്‍ പ്രയാസമുള്ളവര്‍ക്കായി ബിജവും അണ്ഡവും സംയോജിപ്പിച്ച് ഇത്തരത്തില്‍ ഭ്രൂണത്തെ ഉണ്ടാക്കിയെടുത്ത് സൂക്ഷിക്കുന്ന രീതിയുണ്ട്. ബീജവും അണ്ഡവുമെല്ലാം ദാനം ചെയ്യുന്നത് പോലെ തന്നെ ഇതും. ഇത്തരത്തില്‍ 1992ല്‍ ഉണ്ടാവുകയും അന്ന് മുതല്‍ ഒരു ഫെര്‍ട്ടിലിറ്റി ലാബില്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിപ്പെടുകയും ചെയ്ത ഭ്രൂണങ്ങള്‍ ഒറിഗോണ്‍ സ്വദേശികളായ റേച്ചല്‍ റിഡ്‌ജ്വേയും ഫിലിപ് റിഡ്‌ജ്വേയും കടം കൊണ്ടതാണ്. ഇവര്‍ക്ക് നേരത്തെ നാല് മക്കളുണ്ട്. ഇതിന് പുറമെ ഒരു കുഞ്ഞിന് വേണ്ടി കൂടി ആഗ്രഹിച്ചപ്പോള്‍ അത് ഇങ്ങനെ ദീര്‍ഘകാലം കാത്തുവച്ച കുഞ്ഞായാലെന്ത് എന്നവര്‍ ചിന്തിച്ചു.
അപ്പോഴും ലോകത്തിലെ ഏറ്റവും പഴയ ഭ്രൂണങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഇവര്‍ ചിന്തിച്ചില്ല. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇത് ഇവര്‍ക്ക് ലഭിച്ചത്. അതായത് ഫിലിപ്പിന് അഞ്ച് വയസുള്ളപ്പോള്‍ ഈ കുഞ്ഞുങ്ങളുണ്ടായി എന്ന് പറയാം. പക്ഷേ ജനിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. നേരത്തെ ഇരുപത്തിയേഴ് വര്‍ഷം പഴക്കമുള്ളൊരു ഭ്രൂണം കടം കൊണ്ട മോളി ഗിബ്‌സണ്‍ എന്ന സ്ത്രീയുടെ പേരിലായിരുന്ന റെക്കോര്‍ഡ് ഇപ്പോള്‍ റേച്ചലിനും ഫിലിപ്പിനും സ്വന്തമായിരിക്കുകയാണ്. അതും ഇരട്ടക്കുഞ്ഞുങ്ങളാണ് ഇവര്‍ക്ക് പിറന്നിരിക്കുന്നത്.

Exit mobile version