അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി

ദോഹ: 36 മത്സരങ്ങളിലെ അര്‍ജന്റീനയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ലോകഫുട്‌ബോളില്‍ സൌദി അറേബ്യ എന്ന കുഞ്ഞന്‍ ടീമിന്റെ താരോദയം.
ആനയെ വിരട്ടിയോടിച്ച ഉറുമ്പിന്റെ കഥപോലെ, സിംഹത്തെ കിണറ്റില്‍ ചാടിച്ച മുയലിനെപ്പോലെ ലോക ഫുട്‌ബോളില്‍ സൗദി അറേബ്യയുടെ പനവീരന്‍മാര്‍ പുതിയ ചരിത്രമെഴുതി. കാണികളും ഫുട്‌ബോള്‍ ലോകവും ഈ അട്ടിമറി വിജയത്തില്‍ അമ്പരന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദി അറേബ്യയുടെ വിജയം.

നീലപ്പടയുടെയുടെയും മെസിയുടെയും തന്ത്രപരമായ ഗോളുകള്‍ക്ക് മുന്നില്‍ ഉരുക്കുകോട്ടപോലെ വിരിഞ്ഞ് നിന്ന് പ്രതിരോധമതില്‍ പണിത സൗദിയുടെ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസാണ് മത്സരത്തിലെ ഹീറോ. ഉയരവും കരുത്തും ഒത്തിണങ്ങിയ ഒവൈസിന്റെ ചടുലതയാര്‍ന്ന പ്രതിരോധത്തിന് മുന്നിലാണ് നീലപ്പട തകര്‍ന്നു തരിപ്പണമായത്.

മത്സരം ആരംഭിച്ച ഉടന്‍ ലാറ്റിനമേരിക്കന്‍ തന്ത്രങ്ങളുമായി അര്‍ജന്റീന അറ്റാക്ക് തുടങ്ങി. രണ്ടാം മിനുട്ടില്‍ 12 യാര്‍ഡ്‌സിന് അകത്തു നിന്ന് മെസ്സി തൊടുത്ത ഷോട്ട് അല്‍ ഒവൈസ് കൃത്യമായി സേവ് ചെയ്തു. അധിക വൈകാതെ മെസ്സി തന്നെ അര്‍ജന്റീനയെ മുന്നില്‍ എത്തിച്ചു. 11ാം മിനുട്ടില്‍ വിധിക്കപ്പെട്ട ഒരു പെനാല്‍ട്ടിയാണ് അര്‍ജന്റീനയ്ക്ക് തുണയായത്. 22ാം മിനുട്ടില്‍ ലയണല്‍ മെസ്സി രണ്ടാമതും വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.അധികം വൈകാതെ 28ാം മിനുട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനസും അര്‍ജന്റീനക്കായി ഗോള്‍ നേടി.

ആദ്യ പകുതിയില്‍ സൗദി അറേബ്യയ്ക്ക് മേല്‍ക്കൈ ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി. പുതിയ തന്ത്രവും ഊര്‍ജ്ജവുമായാണ് താരങ്ങള്‍ കളത്തിലിറങ്ങിയത്. 48ാം മിനുട്ടില്‍ അര്‍ജന്റീനയെ ഞെട്ടിച്ചു കൊണ്ട് സൗദിയുടെ സമനില ഗോള്‍ വന്നു. പെനാള്‍ട്ടി ബോക്‌സില്‍ പന്ത് സ്വീകരിച്ച് അല്‍ ഷെഹരിയുടെ ഇടം കാലന്‍ ഷോട്ട് തടയാന്‍ എമിലിയാനോ മാര്‍ട്ടിനസിന് ആയില്ല. പന്ത് ഗോള്‍ വലയുടെ റൈറ്റ് കോര്‍ണറില്‍ പതിച്ചു. അര്‍ജന്റീന ഞെട്ടി. ഈ ഞെട്ടലില്‍ നിന്ന് കരകയറാന്‍ അര്‍ജന്റീനക്ക് സമയം കിട്ടും മുമ്പെ സൗദി ലീഡും നേടി. 53ാം മിനുട്ട് അല്‍ ദസാരിയുടെ ഷോട്ട് വലകുലുക്കുമ്പോള്‍ മാര്‍ട്ടിനസ് ചിത്രത്തിലേയില്ലായിരുന്നു.

Exit mobile version