മംഗളൂരു സ്‌ഫോടനം പ്രതി ആലുവയില്‍ താമസിച്ചത് 5 ദിവസം

5 തവണയില്‍ കൂടുതലായി ഇയാള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്

കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ്(24) 5 ദിവസത്തോളം ആലുവയില്‍ താമസിച്ചതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ സെപ്റ്റംബര്‍ 13 മുതല്‍ 5 ദിവസത്തോളമാണ് ആലുവയില്‍ താമസിച്ചതെന്നാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍.

5 തവണയില്‍ കൂടുതലായി ഇയാള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആലുവയില്‍ എത്തിയ ഇയാള്‍ എവിടെയാണ് താമസിച്ചതെന്നും ആരെയെല്ലാം സന്ദര്‍ശിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതിനിടെ കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനങ്ങളെ തുടര്‍ന്ന് സംസ്ഥാന സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാനുമുള്ള കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ സംയുക്ത യോഗം കൊച്ചിയില്‍ തുടങ്ങി.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഓഫിസിലാണ് യോഗം ചേരുന്നത്. റോ അടക്കമുള്ള ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് അറിയുന്നത്.

അതേസമയം, മംഗളൂരു സ്‌ഫോടനക്കേസ് പ്രതി അവിടെ എത്തിയത് ഒറ്റയ്ക്കായിരുന്നില്ല എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മംഗളൂരു പഡില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ കൂടെയുണ്ടായിരുന്നത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടില്ല.

Exit mobile version