ഗുവാഹത്തി: അസം-മേഘാലയ അതിര്‍ത്തിയിലെ വനമേഖലയില്‍ വെടിവെപ്പ്. ആറുപേര്‍ കൊല്ലപ്പെട്ടു. അനധികൃത തടി കടത്തുകയായിരുന്ന ട്രക്ക് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.
അതിര്‍ത്തി മേഖലയായ മുക്രോയിലാണ് വെടിവെപ്പുണ്ടായത്. വെസ്റ്റ് ജയന്തിയ ഹില്‍സ് മേഖലയില്‍ നിന്നുള്ള ആളുകളും അസം വനംവകുപ്പ് ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മേഘാലയയില്‍ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ട്രക്ക് തടഞ്ഞത്. എന്നാല്‍ ട്രക്ക് മുന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകര്‍ വെടിയുതിര്‍ക്കുകയും ടയര്‍ പഞ്ചറാക്കുകയും ചെയ്തു. ഡ്രൈവറെയും കൂടെയുള്ള രണ്ടുപേരെയും പിടികൂടി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.
പിന്നാലെ മേഘാലയയില്‍ നിന്ന് ധാരാളം ആളുകള്‍ ആയുധങ്ങളുമായി പുലര്‍ച്ചെ 5 മണിയോടെ സ്ഥലത്ത് തടിച്ചുകൂടി. അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം ഫോറസ്റ്റ് ഗാര്‍ഡുകളെയും പോലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post