പാണക്കാട്ടെത്തിയ തരൂരിനെ സ്വീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍; രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനിടെ ശശി തരൂര്‍ പാണക്കാട്ടെത്തി

മലപ്പുറം: മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനിടെ ശശി തരൂര്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു.

തരൂരുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പറഞ്ഞു. തരൂരിനൊപ്പം പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവന്‍ എം.പിയും ഉണ്ട്. ഞായറാഴ്ചയാണ് തരൂരിന്റെ മലബാര്‍ പര്യടനത്തിന് തുടക്കമായത്.

ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നസ്വരം ഉയര്‍ന്ന് വന്നതോടെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ ഇടപെട്ട് പ്രസ്താവനകള്‍ വിലക്കിയിരുന്നു. തരൂരിനെ ആരും വിലക്കിയില്ലെന്നു സുധാകരന്‍ പറഞ്ഞു.

എന്നാല്‍, അദ്ദേഹത്തിന്റെ പര്യടനം ജില്ലാ കമ്മിറ്റികളെ അറിയിച്ചില്ലെന്നു വിമര്‍ശിച്ചു.തരൂരിനെ പിന്തുണച്ചും അദ്ദേഹത്തെ വിലക്കുന്നവരെ പരിഹസിച്ചും കെ.മുരളീധരന്‍ രംഗത്ത് എത്തിയതോടെയാണ് കെപിസിസിയുടെ പ്രസ്താവന വിലക്കിനു പ്രേരണയായത്.ഒരു വലിയ വിഭാഗം നേതാക്കളിലും പ്രവര്‍ത്തകരിലുമുള്ളത് തരൂരിന്റെ സ്വീകാര്യത കോണ്‍ഗ്രസും യുഡിഎഫും ഫലപ്രദമായി ഉപയോഗിക്കണമെന്ന വികാരമാണ്.

Exit mobile version