ഖത്തർലോകകപ്പിലെ കന്നിപ്പോരാട്ടത്തിലെ താരം ഇക്വഡോർ ക്യാപ്ടൻ എന്നർ വാലൻസിയയാണ്.ലോകകപ്പ് ചരിത്രത്തിലാദ്യമായി ഉദ്ഘാടനമത്സരത്തിൽ ആതിഥേയ രാജ്യത്തെ തോല്പിച്ച നായകൻ. ഇരട്ടഗോൾ പായിച്ച് പോരാട്ടചരിത്രമുള്ള ഖത്തർപടയെ നിർവീര്യമാക്കി, പതിനായിരക്കണക്കിന് ഖത്തർ ആരാധകരെ ലജ്ജിപ്പിച്ച വലൻസിയ. കിക്കോഫിന് ശേഷം മൂന്നാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് ഒരു പകരം വീട്ടൽ. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ വലൻസിയ വലകുലുക്കി.കഴിഞ്ഞില്ല. 31-ാം മിനുറ്റില്‍ വലൻസിയയുടെ ഹെഡ്ഡറിൽ നിന്നൊരു അസ്ത്രം ഖത്തറിന്റെ നെഞ്ചിലേക്ക്. കഴിഞ്ഞു. ഇതിന് മീതെ പറക്കാൻ ഖത്തർ കഴുകൻമാർക്കായില്ല. ആദ്യ മത്സരത്തിൽ ഇരട്ടഗോൾ നേടിയ എന്നര്‍ വലൻസിയ കൂൾ പ്ലെയർ ഓഫ് ദി മാച്ചായി.
പതിറ്റാണ്ടുകളായി ഇക്വഡോറിന്റെ മുന്നണിപ്പോരാളിയായ വലൻസിയ ജനിച്ചതും വളന്നതും ഇക്വഡോറിന്‍റെ ഫുട്ബോൾ ഫാക്ടറിയെന്ന് അറിയപ്പെടുന്ന സാൻ ലൊറൻസോയിലായിരുന്നു. പട്ടിണി കൊണ്ട് പൊറുതിമുട്ടിയ കുട്ടിക്കാലം. അച്ഛന്റെ ഡയറിഫാമിലെ പശുക്കളെ മേച്ചും പാൽ കറന്നും വീടുകളിലും കടകളിലും പാൽ വില്പന നടത്തിയും വലൻസിയ വളർന്നു. ഇടനേരങ്ങളിൽ തെരുവിൽ ഫുട്ബോൾ തട്ടി. എന്നറിൻറെ കളിമികവ് ശ്രദ്ധിച്ച സ്കൂളിലെ പരിശീലകൻ അവന് പ്രത്യേക ശ്രദ്ധ നൽകി.
2008ൽ പ്രാദേശിക അക്കാദമിയായ കാരിബ് ജൂനിയറിലെത്തിയതാണ് വലൻസിയയുടെ കരിയറിലെ വഴിത്തിരിവ്. അവരുടെ ഗോൾമെഷീനായി വലൻസിയ മാറി. താമസിയാതെ ഇക്വഡോറിലെ മുൻനിര ക്ലബായ സ്പോർട്ട് എമെലെകിൽ അവൻ ഇടം നേടി.
പിന്നാലെ ഇക്വഡോറിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന നിലയിലേക്ക് എന്നർ വളർന്നു. വൈകാതെ ദേശീയ ടീമിലുമെത്തി.
2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ഇക്വഡോറിന്‍റെ കുന്തമുനയായിരുന്നു വലൻസിയ. സ്വിസ്റ്റർലൻഡിനെതിരായ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി.
ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് എന്നര്‍ വലൻസിയ. പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുള്ള ഇക്വഡോറിന്‍റെ ലോകകപ്പിലെ ഏറ്റവും വലിയ നേട്ടം. വല നിറയ്ക്കാൻ വലൻസിയ ഉള്ളപ്പോൾ ഖത്തറിൽ ഇക്വഡോറിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുകയാണ്.
Discussion about this post