തിരുവനന്തപുരം: രാജ്ഭവനില്‍ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. അനുവദിക്കപ്പെട്ടതില്‍ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാര്‍ശ ചെയ്തത്. 23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരണം. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ച് വര്‍ഷത്തില്‍ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ആവശ്യം പരഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരിന്നു. ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.