ഇംഗ്ളണ്ട് വേഴ്സസ് ഇറാൻ
നവീകരിച്ച ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ബിയിൽ ആദ്യ അങ്കത്തിൽ ഫുട്ബോളിന്റെ മാതൃരാജ്യമെന്ന് അവകാശപ്പെടുന്ന ഇംഗ്ളണ്ടും ഇറാനുമാണ് ഏറ്റുമുട്ടുമ്പോൾ ആവേശപ്പൊടിപാറും.
ലോകകപ്പ് ഫൈനലിൽ തുടർച്ചയായ ഏഴുതവണ പങ്കെടുത്തതിന്റെ റെക്കാഡുമായാണ് ഇംഗ്ളണ്ട് അങ്കത്തിന് ഇറങ്ങുന്നത്. ഗോളടി വീരൻ ഹാരി കെയ്‌നിൽ തുടങ്ങുന്ന ടീമിൽ, ബുകയോ സാക, സ്റ്റർലിങ്, ഫിൽ ഫോഡൻ, ഗ്രീലിഷ്, റഷ്ഫോഡ് എന്നിവർ അടങ്ങിയ മുൻനിരക്ക് കരുത്തു പകരാൻ മാഡിസനും ഡെക്ലാൻ റൈസും മേസൻ മൗണ്ടും അടങ്ങിയ മധ്യനിരക്ക് കഴിയും.
ഇതിലേക്ക് കളി മെനയാനും ഗോളടിക്കാനും ഒരുപോലെ വിരുതുള്ള ജൂഡ് ബെല്ലിങ്ഹാം കൂടി ചേരുന്നതോടെ ഇറാനെതിരെ വിജയത്തോടെ തുടങ്ങാൻ കഴിയും എന്ന വിശ്വാസത്തിലാണ് കോച്ച് ഗാരെത് സൗത്ത്ഗേറ്റ്.
കഴിഞ്ഞ രണ്ടു തവണയും ഗ്രൂപ് റൗണ്ട് പിന്നിടാനാവാത്ത നിരാശ തൂത്തെറിഞ്ഞ് ഏഷ്യൻ കരുത്തുകാട്ടാനാണ് ഇറാൻ എത്തുന്നത്. സമനില ലക്ഷ്യമിട്ട്, പിന്നണിയിൽ പഴുതില്ലാതെ കാവൽനിൽക്കുകയെന്ന തന്ത്രത്തിലൂന്നി ‘ബസ് പാർക്കിങ്’ തന്ത്രങ്ങളാവും പതിവുപോലെ ഇറാൻ അവലംബിക്കുക. കാർലോസ് ക്വീറോസ് വീണ്ടും പരിശീലകനായെത്തിയത് ഡിഫൻസിവ് സ്ട്രാറ്റജിയെ ശക്തമാക്കുമെന്നും കരുതുന്നു.
നെതർലൻഡ് വേഴ്സസ് സെനഗൽ
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ യൂറോപ്യൻ വമ്പന്മാർ ആയ ഹോളണ്ട് ഇന്ന് ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗലിനെയാണ് നേരിടുന്നത്.അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് മത്സരം.
ലോകകപ്പിൽ ഇത് വരെ ആഫ്രിക്കൻ രാജ്യങ്ങളോട് ഹോളണ്ട് പരാജയപ്പെട്ടിട്ടില്ല. സെനഗലാകട്ടെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇത് വരെ യൂറോപ്യൻ രാജ്യങ്ങളോട് തോറ്റിട്ടില്ല. 2002 ൽ ഫ്രാൻസിനെ അട്ടിമറിച്ച അവർ കഴിഞ്ഞ ലോകകപ്പിൽ പോളണ്ടിനെയും തോൽപ്പിച്ചിരുന്നു. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. വാൻ ഹാളിനു കീഴിൽ മികച്ച ടീമും ആയി ഇറങ്ങുന്ന ഹോളണ്ട് 1994 നു ശേഷം ഇത് വരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താൻ കഴിവതും ശ്രമിക്കും.
ഹോളണ്ട് ക്യാപ്റ്റൻ വാൻ ഡെയ്കും ഒപ്പം ഡിലിറ്റും നയിക്കുന്ന പ്രതിരോധം മറികടക്കുക ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് അത്ര എളുപ്പമുള്ള പണി ആവില്ല. മധ്യനിരയിൽ ഫ്രാങ്കി ഡിയോങിന് ഒപ്പം യുവതാരം സാവി സിമൻസിന്റെ പ്രകടനം ആവും പലരും ഉറ്റു നോക്കുന്ന ഒന്നു. മധ്യനിരയിൽ ഡിയോങ് തിളങ്ങിയാൽ ഓറഞ്ചു പടക്ക് കാര്യങ്ങൾ എളുപ്പമാകും. മെന്റി ഗോളിലും കോലുബാലി പ്രതിരോധത്തിലും നിൽക്കുമ്പോൾ സെനഗൽ പ്രതിരോധം അത്ര എളുപ്പം വീഴും എന്നു കരുതുക വയ്യ. സെനഗലിന്റെ പ്രധാന നഷ്ടം സാദിയോ മാനെയുടെ അഭാവം ആണ്. മാനെയുടെ അസാന്നിധ്യത്തിൽ ഇസ്മായില സാർ അടക്കമുള്ള താരങ്ങൾക്ക് ഡച്ച് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ ആവുമോ എന്നത് കണ്ടറിയണം.
അമേരിക്ക വേഴ്സസ് വെയിൽസ്
ഇന്ന് രാത്രി 12.30 നു അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വേദിയിൽ വെയിൽസ് തിരിച്ചെത്തുകയാണ്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. 2014നു ശേഷം ആദ്യ ലോകകപ്പിന് എത്തുന്ന അമേരിക്കക്ക് ഇത് 11 മത്തെ ലോകകപ്പ് ആണ്.
ഗാരത് ബെയിൽ എന്ന ഇതിഹാസം ആണ് വെയിൽസിന്റെ പ്രധാന കരുത്ത്. മുന്നേറ്റത്തിൽ ബെയിലിന് ഒപ്പം ഡാനിയേൽ ജെയിംസ്, ബ്രണ്ണൻ ജോൺസൻ എന്നീ യുവരക്തങ്ങളും അമേരിക്കക്കു തലവേദനയാകും.
എന്നാൽ യുവത്വത്തിന്റെ കരുത്തുമായാണ് ഇക്കുറി അമേരിക്ക ബൂട്ടണിയുന്നത്. മുന്നേറ്റത്തിൽ ക്രിസ്റ്റിയൻ പുലിസികിന് കൂട്ടായി ജിയോവാണി റെയ്‌ന എന്ന 19 കാരനുണ്ട്. ഡോർട്ട്മുണ്ടിലെ മികവ് താരം പുറത്തെടുത്താൽ വെയിൽസ് പ്രതിരോധനിര വിയർക്കും. മധ്യനിരയിൽ മക്കെന്നി, ആരോൺസൺ, ടെയിലർ ആദംസ്, അക്കോസ്റ്റ തുടങ്ങി മികച്ച യുവ താരങ്ങളുടെ ഒരു നിര തന്നെ അമേരിക്കയ്ക്കുണ്ട്. മികച്ച വിങ് ബാക്കുകൾ ആണ് അമേരിക്കൻ കരുത്ത്.
Discussion about this post