കാസര്‍കോട്ട്: പെരിയ കൊലക്കേസിലെ ഒന്നാംപ്രതിയും സി.പി.എം. നേതാവുമായ പീതാംബരനെയാണ് സി.ബി.ഐ. കോടതിയുടെ അനുമതിയില്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സയ്ക്ക് നിർദ്ദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ല ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പീതാംബരൻ.
ഒക്ടോബർ 14നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥനോട് പരിശോധിക്കൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പരിശോധനയ്ക്കുശേഷം വിദഗ്ധ ചികിത്സ വേണം എന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് 24 തീയതി ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. അതേസമയം, കോടതി അനുമതി ഇല്ലാതെയുള്ള നടപടിയിൽ പിഴവ് കണ്ടെത്തി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സി.ബി.ഐ കോടതി നിർദ്ദേശം നൽകിയത്. ജയിൽ സൂപ്രണ്ട് നാളെ ഹാജരാകണം എന്നാണ് പ്രത്യേക സി.ബി.ഐ. കോടതിയുടെ നിർദ്ദേശം.
ഫെബ്രുവരി 17 നായിരുന്നു കാസര്‍കോട്ട് പെരിയയിൽ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പെരിയ കല്യോട്ടെ കൃഷ്ണന്റെ മകന്‍ കൃപേഷ് (19), സത്യനാരായണന്റെ മകന്യ ശരത്‌ലാല്‍(28) എന്ന ജോഷി എന്നിവരാണ് മരിച്ചത്. സന്ധ്യയോടെ കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘമാണു തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.