ലക്നൗ: അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തില്‍ മുന്‍ കാമുകിയെ കൊലപ്പെടുത്തി ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ആരാധന പ്രജാപതി(22) ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹാവിഷ്ടങ്ങള്‍ കിണറ്റിലും കുളത്തിലുമായി ഉപേക്ഷിച്ച മുന്‍ കാമുകന്‍ പ്രിന്‍സ് യാദവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.നവംബര്‍ 15ന് പശ്ചിംപട്ടി ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് യുവതിയുടെ മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങല്‍ പുറത്ത് വരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതായും അര്‍ധനഗ്നമായ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ആരാധനയെ കൊലപ്പെടുത്തിയതെന്നു പ്രിന്‍സ് യാദവ് പൊലീസിനോട് പറഞ്ഞു. നവംബര്‍ 10 മുതല്‍ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ആരാധനയുടേതെന്ന് സ്ഥിരീകരിച്ചത്.
പ്രിന്‍സ് യാദവിന്റെ മാതാപിതാക്കള്‍ക്കും കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നു. മാതാപിതാക്കളുടെയും ബന്ധുവായ സര്‍വേഷിന്റെയും സഹായത്തോടെയാണ് പ്രതി കുറ്റ കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. രണ്ടുവര്‍ഷത്തോളം പ്രിന്‍സ് യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രതി വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ആരാധനയുടെ വിവാഹം കഴിഞ്ഞ വിവരം അറിയുന്നത്. ഇതിനു പിന്നാലെ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി യുവതിയോട് വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു.
https://youtu.be/4EdLN6eroLY
വിവാഹബന്ധം വേര്‍പെടുത്തി പ്രിന്‍സിനെ വിവാഹം ചെയ്യാന്‍ ആരാധന തയാറാകുന്നില്ലെങ്കില്‍ കൊലപ്പെടുത്താന്‍ മാതാപിതാക്കള്‍ പ്രിന്‍സിനോട് പറഞ്ഞതായി പൊലീസ് പറയുന്നു. പ്രതി അമ്മാവനായ രാമ യാദവിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. നവംബര്‍ 10ന് ആരാധനയെ ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു. ആരാധനയുമായി വാക്കുതര്‍ക്കത്തിനു ശേഷം രാമ യാദവിന്റെ മകന്‍ സര്‍വേഷും പ്രിന്‍സും ചേര്‍ന്ന് യുവതിയെ കരിമ്പിന്‍ തോട്ടത്തില്‍ എത്തിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം ആറ് കഷണങ്ങളാക്കി മുറിച്ചശേഷം പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് ഗ്രാമത്തിലെ കിണറ്റില്‍ തള്ളി. തല കുറച്ച് ദൂരെയുള്ള കുളത്തില്‍ എറിഞ്ഞു. ശരീരം മുറിക്കാന്‍ ഉപയോഗിച്ച ആയുധവും നാടന്‍ തോക്ക്, വെടിയുണ്ടകള്‍ തുടങ്ങിയവയും പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ശരീരത്തില്‍ ഒളിപ്പിച്ച പിസ്റ്റള്‍ പൊലീസിനു നേരേ ചൂണ്ടി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാളുടെ കാലില്‍ വെടിയേറ്റു. പ്രിന്‍സ് യാദവിനെ കുറ്റകൃത്യത്തില്‍ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സര്‍വേഷ്, പ്രമീള യാദവ്, സുമന്‍, രാജാറാം, കലാവതി, മഞ്ജു, ഷീല എന്നീവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി അസംഗഡ് പൊലീസ് അറിയിച്ചു.