എല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോകാനാണ് ആഗ്രഹം: ശശി തരൂർ

വിവാദത്തില്‍ കോഴിക്കോട് ഡിസിസി വിശദീകരണവുമായി രംഗത്തെത്തി

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂരിന്റെ ജില്ലാ പര്യടനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങള്‍ക്കിടെ തരൂരിന്റെ മലബാര്‍ പര്യടനത്തിന് തുടക്കമായി. ഇന്ന് രാവിലെ 9.30 മണിക്ക് എം.ടി.വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തരൂര്‍ പരിപാടികള്‍ക്ക് തുടക്കമിട്ടത്.

ഇന്ന് മുതല്‍ 4 ദിവസം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് തരൂര്‍ പര്യടനം നടത്തുന്നത്.ചിലര്‍ സൈഡ് ബെഞ്ചിലിരിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും എന്നാല്‍ ഫോര്‍വേഡായി കളിക്കാനാണ് താല്‍പര്യമെന്നും ശശി തരൂര്‍ പ്രതികരിച്ചു. എല്ലാം ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

https://youtu.be/4EdLN6eroLY

വിവാദത്തില്‍ കോഴിക്കോട് ഡിസിസി വിശദീകരണവുമായി രംഗത്തെത്തി. തരൂരിന്റെ സന്ദര്‍ശനം എം.കെ.രാഘവന്‍ എംപി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന വാര്‍ത്ത വന്നതില്‍ ചിലര്‍ക്ക് ആശങ്കയുണ്ടെന്നും ഇതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപത്തിലാണ് വിശദീകരണം.

താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി തരൂര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കും. 22നു പാണക്കാട്ട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും.

Exit mobile version