മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം; ഭീകരാക്രമണമെന്ന് കർണാടക പൊലീസ്

കത്തിയ പ്രഷർ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയിൽ നിന്നു കണ്ടെടുത്തു

മംഗളൂരു: തീരദേശ കർണാടകയിലെ മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത് അപകടമല്ലെന്നും ഭീകരാക്രമണത്തിന്റെ ഭാഗമാണെന്നും കർണാടക പൊലീസ്. ഗുരുതരമായ അപകടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. കത്തിയ പ്രഷർ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയിൽ നിന്നു കണ്ടെടുത്തു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായവുമുണ്ടെന്നു കർണാടക ഡി.ജി.പി. പ്രവീൺ സൂദ് വ്യക്തമാക്കി.

https://youtu.be/7nJIAoWE0I4

ശനിയാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിൽ ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.

സ്ഫോടനത്തിന്‍റെ ഭയാനകമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക് തീപിടിക്കുന്നതും നാട്ടുകാർ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ഇരുവരുടേയും നില തൃപ്തികരമാണ്. യാത്രക്കാരന്‍റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്.

Exit mobile version