തിരൂർ: പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇട്ടികപ്പറമ്പില്‍ അബ്‌ദുല്‍ സലാം (55), കുഴിയിനി പറമ്പില്‍ അബൂബക്കര്‍ (65) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ഭാരതപ്പുഴയിൽ പുറത്തൂർ കളൂർ കുറ്റിക്കാട് കക്ക വാരി തിരിച്ചു വരുന്നതിനിടെയാണ് ആറ് തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞത്. കക്ക വരാൻ പോയ നാല് സ്ത്രീകളുൾപ്പെടുന്ന ആറംഗ സംഘം കക്കയുമായി കരയിലേക്ക് മടങ്ങുന്നതിനിടെ തോണി താഴുകയും ആറ് പേരും ഒഴുക്കിൽപെടുകയുമായിരുന്നു. നാല് പേരെ കണ്ടെത്തിയെങ്കിലും രണ്ട് സ്ത്രീകൾ മരണപ്പെട്ടിരുന്നു. ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും.
രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), മകൾ കുറുങ്ങാട്ട് റസിയ (40) എന്നിവർ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഇവർ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
https://youtu.be/PruoEz9s3lE
Discussion about this post