തിരുവനന്തപുരം: കേരളത്തെ വെല്ലുവിളിച്ച് എൽഡിഎഫ് സർക്കാർ നടപ്പാക്കാൻ ഒരുങ്ങിയ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു. കേരളത്തിലെ പൊതുജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വ്യാപക എതിർപ്പിനെ തുടർന്നാണ് പദ്ധതി സർക്കാർ ഉപേക്ഷിച്ചിരിക്കുന്നത്.
ഇനി എന്തെങ്കിലും തുടർനടപടി ഉണ്ടാവണമെങ്കിൽ കേന്ദ്ര അനുമതി വേണമെന്ന സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി തത്വത്തിൽ ഉപേക്ഷിച്ചിരിക്കുന്നത്.
പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരെയെല്ലാം ഉടൻ തന്നെ തിരിച്ച് വിളിക്കും.
പദ്ധതിയുടെ തുടക്കം മുതൽ തന്നെ പ്രതിപക്ഷവും ഈ മേഖലയിലെ വിദഗ്ധരും പദ്ധതി പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ പല്ലും നഖവും ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് വെല്ലുവിളിച്ച് രംഗത്ത് വരികയായിരുന്നു.
സിൽവർ ലൈൻ സമരസമിതിയുടെ നേതൃത്വത്തിൽ കനത്ത പ്രതിഷേധവും സമരപരമ്പരകളെയും നേരിട്ടായിരുന്നു സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായി വീടുകൾക്കുള്ളിൽ പോലും സിൽവർ ലൈനിന്റെ സർവ്വേ കല്ലുകൾ സ്ഥാപിച്ചത്.
കേന്ദ്ര അനുമതിയോ സാമൂഹ്യ ആഘാത പഠനമോ നടത്താതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാശി പുറത്തായിരുന്നു പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് പോലും കെ-റെയിയിൽ എന്ന സിൽവർ ലൈൻ പദ്ധതി എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.