ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയവും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു.
വടക്കുകിഴക്കന്‍ മേഖലയിലെ ടൂറിസം സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പേര് അരുണാചല്‍ പ്രദേശിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സാംസ്‌കാരികപൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. പ്രദേശവാസികള്‍ക്കു സൂര്യനോടും(ഡോണി) ചന്ദ്രനോടു(പോളോ)മുള്ള ആരാധനാമനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.
2019 ല്‍ ഞാന്‍ വിമാനത്താവളത്തിന്റെ തറക്കല്ലിടുമ്പോള്‍, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. വിമാനത്താവളം പണിയാന്‍ പോകുന്നില്ലെന്ന് രാഷ്ട്രീയ നിരൂപകര്‍ ബഹളം വച്ചു. വോട്ടെടുപ്പ് കാരണം മോദി കല്ല് സ്ഥാപിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഇന്നത്തെ ഉദ്ഘാടനം അവരുടെ മുഖത്തേറ്റ അടിയാണെന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചു. 690 ഏക്കറിലധികം വിസ്തൃതിയുള്ള വിമാനത്താവളം വികസിപ്പിച്ചെടുത്തത് 640 കോടിയിലധികം രൂപ ചെലവിലാണ്. 2300 മീറ്റര്‍ റണ്‍വേയുള്ള വിമാനത്താവളം എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യമാണ്.
600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയവും രാജ്യത്തിനു സമര്‍പ്പിച്ചു. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയില്‍ 80 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 8450 കോടി രൂപ ചെലവില്‍ വികസിപ്പിച്ച, ഈ പദ്ധതി അരുണാചല്‍ പ്രദേശിനെ വൈദ്യുതിമിച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് കരുതുന്നത്.