ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയില്‍ നടന്ന കൊലപാതകത്തില്‍ മൃതദേഹം 35 കഷണങ്ങളാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു. അഫ്താബിന്റെ മെഹ്‌റോളിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്‌ളാറ്റില്‍ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിനു മുന്‍പും അഫ്താബില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റിരുന്നതായുള്ള ശ്രദ്ധയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധത്തില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ന് ഒന്നും നടക്കില്ല, ഇന്നലെ കിട്ടിയ അടിയില്‍ ബിപി കുറഞ്ഞ് ഞാന്‍ അവശയാണ്. കിടക്കയില്‍ നിന്ന് ഇറങ്ങാന്‍ പോലും ശക്തിയില്ല എന്നായിരുന്നു ശ്രദ്ധ വര്‍ക്ക് മാനേജര്‍ക്ക് അയച്ച വാട്ട്‌സ്ആപ്പ് ചാറ്റിലുള്ളത്. മുറിവേറ്റ പാടുകളുള്ള മുഖത്തിന്റെ ചിത്രവും ഈ ചാറ്റിലുണ്ട്. അന്നത്തെ മര്‍ദ്ദനത്തില്‍ ശ്രദ്ധയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 18ന് ശ്രദ്ധയെ പങ്കാളിയായ അഫ്താബ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത് വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് കേസ്.
Discussion about this post