പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 7 ന് തുടങ്ങും

സമ്മേളനം ഡിസംബര്‍ 7 മുതല്‍ 29 വരെ നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 7 മുതല്‍ 29 വരെ നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ശീതകാല സമ്മേളനത്തിന് മൊത്തം 17 പ്രവൃത്തി ദിനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കര്‍ ഉപരിസഭയില്‍ നടപടികള്‍ നിയന്ത്രിക്കുന്ന ആദ്യ സെഷന്‍ കൂടിയാണിത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുന്‍പ് സമ്മേളനം തുടങ്ങും.

https://youtu.be/7nJIAoWE0I4

പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തില്‍ നിരവധി ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിപക്ഷം അടിയന്തര വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെടും. സമ്മേളനത്തിന്റെ ആദ്യ ദിവസം മരിച്ച സിറ്റിംഗ് അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചേക്കും. മുലായം സിംഗ് യാദവ് അടക്കമുള്ളവര്‍ക്ക് പാര്‍ലമെന്റ് ആദരം അര്‍പ്പിക്കും.

നേരത്തെ മണ്‍സൂണ്‍ സെഷന്‍ ജൂലൈ 18ന് തുടങ്ങി ഓഗസ്റ്റ് 8നാണ് പിരിഞ്ഞത്. 22 ദിവസങ്ങളിലായി 16 സെഷനുകള്‍ നീണ്ടുനിന്നതാണ് മണ്‍സൂണ്‍ സെഷന്‍. അതേസമയം, ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാല്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

Exit mobile version