വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം; കെഎസ്ആര്‍ടിസി ബസിന്റെ ഭാഗത്തും പിഴവെന്ന് റിപ്പോര്‍ട്ട്

ടൂറിസ്റ്റ് ബസ് അപകടത്തിൽ മോട്ടോർ വാഹനവകുപ്പ് അന്തിമ റിപ്പോർട്ട്

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് അപകടത്തിൽ മോട്ടോർ വാഹനവകുപ്പ് അന്തിമ റിപ്പോർട്ട് ഗതാഗത കമ്മീഷണര്‍ക്ക് സമർപ്പിച്ചു. അപകടത്തിന് തൊട്ടുമുമ്പ് വളവില്‍ കെഎസ്ആര്‍ടിസി വേഗത കുറച്ചു. യാത്രക്കാരനെ ഇറക്കാനാണ് കെഎസ്ആര്‍ടിസി വേഗത കുറച്ചത്. അപകടം നടക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ വേഗത പത്ത് കിലോമീറ്ററില്‍ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വേഗത കുറയ്ക്കും മുമ്പ് കെഎസ്ആര്‍ടിസി ബസ് ഇടതുവശത്തേക്ക് ഒതുക്കിയില്ല. ബസ് ഇന്‍ഡിക്കേറ്റര്‍ ഇടാത്തത് വീഴ്ചയാണെന്നും റിപ്പോർട്ടിൽ മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.

https://youtu.be/TCbWMnG-zyE

വടക്കഞ്ചേരി അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘമായിരുന്നു ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. സംഭവശേഷം ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ പൊലീസ് പിടികൂടിയിരുന്നു.

ജോമോനെതിരെ നരഹത്യാക്കുറ്റവും ബസ് ഉടമ എസ് അരുണിനെതിരെ പ്രേരണക്കുറ്റവുമാണ് ചുമത്തിയത്. അപകടത്തിൽപ്പെട്ട ബസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ അമിത വേഗതയിൽ സഞ്ചരിച്ചെന്ന അലർട്ട് വന്നിട്ടും ബസ് ഉടമ അരുൺ അവഗണിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോൾ ബസിന്റെ വേഗത 97 കിലോമീറ്ററായിരുന്നു.

സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂൾ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകൾ, ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version