മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ വി.ഐ.പി.പരിഗണന; ദൃശ്യം പുറത്തുവിട്ട് ബി.ജെ.പി

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലില്‍ വി.ഐ.പി. പരിഗണന

ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലില്‍ വി.ഐ.പി. പരിഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബി.ജെ.പി.

സത്യേന്ദര്‍ ജെയിന് വി.ഐ.പി പരിഗണന നല്‍കിയതിനെ തുടര്‍ന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദേഹത്തും തലയിലും ജെയിന്‍ മസാജ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇത്തരമൊരു ആനുകൂല്യം നല്‍കിയതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

https://youtu.be/KsP5mHW9mQQ

തല മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ തിഹാര്‍ ജയിലിനുള്ളില്‍ സത്യേന്ദര്‍ ജയിന്‍ വി.ഐ.പി. പരിഗണനയിലാണെന്നാണ് ഇ.ഡി.കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന് പ്രത്യേക ഭക്ഷണവും ജയിലില്‍ ലഭിക്കുന്നുണ്ട്. മിക്ക സമയങ്ങളിലും ഇയാള്‍ ആശുപത്രി വാസത്തിലും അല്ലെങ്കില്‍ ജയിലില്‍ വി.ഐ.പി. പരിഗണനയിലുമാകുമെന്നും ഇ.ഡി.അറിയിച്ചിരുന്നു.

ഇ.ഡി.കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങളെ ആംആദ്മി പാര്‍ട്ടി തള്ളിയിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് സത്യേന്ദര്‍ ജെയിനെതിരെ ഉന്നയിക്കുന്നതെന്നും കെജ്‌രിവാള്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഡല്‍ഹി മന്ത്രിയുടെ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും മറ്റും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Exit mobile version