കത്ത് വിവാദം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന്

ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചിരിക്കുന്നത്

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ബി.ജെ.പി. ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചിരിക്കുന്നത്.

ഈ മാസം 22 ന് യോഗം വിളിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് രണ്ട് ദിവസം മുന്‍പ് തന്നെ മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു.മേയറെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന പുതിയ ആവശ്യവും ബി.ജെ.പി. ഉയര്‍ത്തിയിട്ടുണ്ട്.

സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്നാണ് എല്‍.ഡി.എഫ്. തീരുമാനം. ഇതേ തുടര്‍ന്ന് വൈകുന്നേരം നാല് മണിക്ക് ആണ് പ്രത്യേക കൗണ്‍സില്‍ ചേരുന്നത്.

കൗണ്‍സില്‍ യോഗത്തിന് മുമ്പ് രാവിലെ എല്‍.ഡി.എഫ്. യോഗം ചേരുന്നുണ്ട്. രാവിലെ മുതല്‍ പതിവുപോലെ കോര്‍പ്പറേഷന് അകത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടേയും പുറത്ത് യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും പ്രതിഷേധങ്ങള്‍ നടക്കും.

മേയറുടെ പേരിലുള്ള വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കി. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക് ദര്‍വേസ് സാഹിബ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അദ്ദേഹം എത്താതിരുന്നത് കൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകിയത്. കത്തിന്റെ ശരിപകര്‍പ്പ് കണ്ടെത്താന്‍ കഴിയാത്തിനാല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ഇക്കാര്യത്തില്‍ ഡി.ജി.പിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും.

അതേസമയം, വിജിലന്‍സ് അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ആഴ്ചയാണ് കത്ത് വിവാദത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

 

 

 

 

Exit mobile version