വയനാട്: മേപ്പാടിയില്‍ സമീപവാസിയുടെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 4 വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് ജയപ്രകാശിന്റെ ഭാര്യ അനിലയെയും മകന്‍ ആദിദേവിനെയും അയല്‍വാസി ജിതേഷ് വെട്ടിയത്.
അനില കുഞ്ഞുമായി അങ്കണവാടിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്നു പൊലീസ് പറയുന്നു. മേപ്പാടി പള്ളിക്കവലയില്‍ വച്ചായിരുന്നു സംഭവം. ജയപ്രകാശിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കൈകള്‍ക്കും തലയ്ക്കുമാണു പരുക്ക്.
തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് വ്യാഴാഴ്ച തന്നെ ജിതേഷിനെ അറസ്റ്റ് ചെയ്തിരുന്നു.
ജയപ്രകാശും പ്രതിയും തമ്മില്‍ ചില ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു.