തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ കുടുംബശ്രീയെ മറയാക്കി സി.പി.എം ഇടപെടൽ. നഴ്സ്, ഫാർമസിസ്റ്റ്, സൂപ്പർവൈസർ ഉള്‍പ്പെടെയുള്ള 300 ലധികം ഒഴിവുകളിലേക്കാണ് കുടുംബശ്രീ വഴി ശുപാർശ നൽകിയത്. ബയോമെഡിക്കൽ എഞ്ചിനീയർ തസ്തികളിലേക്കുള്ള നിയമനങ്ങളിലും കുടുംബശ്രീ ശുപാർശ നൽകി.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഡി.ആർ അനിൽ ആയിരുന്നു നിയമനങ്ങൾക്ക് നേതൃത്വം നൽകിയത്. കുടുംബശ്രീയ്ക്ക് സ്വീപ്പര്‍, ക്ലീനർ തസ്തികകളിൽ മാത്രമാണ് അനുമതിയുള്ളത്. ഇത് മറികടന്നാണ് നിയമനങ്ങളിൽ കുടുംബശ്രീ ഇടപെടൽ നടത്തിയത്. ആർ.സി.സി, എസ്.എ.ടി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയുള്ള മെഡിക്കൽ കോളേജ് വാർഡിലെ കൗൺസിലറാണ് ഡി.ആർ അനിൽ. ആർ.സി.സിയിലെ നിയമനങ്ങളിലെ അഴിമതിയെക്കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റിക്കും പരാതി ലഭിച്ചിട്ടുണ്ട്.
വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം വിതരണം ചെയ്യുന്നതിന് ആർ.സി.സിയിൽ നിന്ന് പ്രതിമാസം 50 ലക്ഷം രൂപ കുടുംബശ്രീക്ക് നൽകുന്നുണ്ട്. ബയോ മെഡിക്കൽ എഞ്ചിനിയർ, നഴ്‌സിങ് അസിസ്റ്റന്റ്, പേഷ്യന്റ് ഗൈഡ്, പേഷ്യന്റ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, പ്ലംബർ, ഇലക്‌ട്രീഷൻ, ലിഫ്റ്റ് ഓപ്പറേറ്റർ, റിസപ്ഷനിസ്റ്റ്, ഓക്‌സിജൻ പ്ലാന്റ് ജീവനക്കാർ, റേഡിയേഷൻ വിഭാഗം, ശുചീകരണത്തൊഴിലാളി എന്നീ തസ്തികകളിലേക്കാണ് കുടുംബശ്രീ മുഖേന നിയമനം നടത്തിയത്. ആവശ്യമായ പ്രവൃത്തി പരിചയമില്ലാത്തവർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകുകയും ജോലിക്ക് യോഗ്യരാക്കുകയും ചെയ്തു. 1.5 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവർ വരെ ഇതിൽ ഉൾപ്പെടുന്നു.
https://youtu.be/0efTFx2MD2w
Discussion about this post