ഡൽഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെയാണ് ജാമ്യം. കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തമാണ് അനുശാന്തിക്ക് ലഭിച്ചത്. 2014 ഏപ്രില്‍ 16 നു ഉറക്കത്തിലായിരുന്ന ഇരുവരേയും അനുശാന്തി കൊലപ്പെടുത്തിയത്.
ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യുവും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മിലുണ്ടായ പ്രണയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ വേണ്ടി അനുശാന്തിയും നിനോവും ചേര്‍ന്ന് മകള്‍ സ്വാസ്തികയെയും(4) ഭര്‍ത്തൃമാതാവ് ഓമനയെയും കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
മകള്‍ സ്വാസ്തികയെ അതിനെക്കാള്‍ ഉയരമുളള ദണ്ഡു കൊണ്ടു മര്‍ദിച്ചു കൊലപ്പെടുത്തിയ നിനോ മാത്യുവിന് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി കൊലക്കയര്‍ വിധിച്ചത്. പിഞ്ചുമകളെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണെന്ന് കോടതി വിലയിരുത്തി.സ്ത്രീയാണെന്നത് കൊണ്ടും ശാരീരിക അവശതകള്‍ പരിഗണിച്ചും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതുകൊണ്ടും അവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.62.5 ലക്ഷം രൂപവീതം ഇവര്‍ക്ക് പിഴയും വിധിച്ചു.