തുറന്നിട്ട ഓടയിൽ 3 വയസുകാരൻ വീണ സംഭവത്തിൽ ഹൈക്കോടതി നടപടി

നിലവിൽ ചെറിയ പരിക്കുകളോടെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്

എറണാകുളം: പനമ്പിള്ളിനഗറിലുള്ള തുറന്നിട്ട ഓടയിൽ മൂന്ന് വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ ഹൈക്കോടതി നടപടി. വ്യാഴാഴ്ചയാണ് അമ്മയോടൊപ്പം നടന്നുവരികയായിരുന്ന കുട്ടി ഓടയിലേക്ക് വീണത്. മൂന്ന് വയസുകാരനെ അതിസാഹസികമായി അമ്മ തന്നെ രക്ഷപ്പെടുത്തിയിരുന്നു. നിലവിൽ ചെറിയ പരിക്കുകളോടെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.

കടവന്ത്ര സ്വദേശിയായ മൂന്ന് വയസുള്ള കുഞ്ഞായിരുന്നു അപകടത്തിൽപ്പെട്ടത്. അമ്മയുടെ സമയോചിത ഇടപെടലായിരുന്നു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. സംഭവം പുറത്തുവന്നതിന് പിന്നാലെ കൊച്ചിയിലെ ഓടകളുടെ പ്രശ്നം വീണ്ടും വലിയ വാർത്തായാകുകയും ചെയ്തിരുന്നു.

കാന അടയ്‌ക്കണമെന്ന ആവശ്യത്തെ കോർപ്പറേഷൻ അധികൃതർ വേണ്ടവിധം മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല. തുറന്നുകിടക്കുന്ന ഓട അടയ്‌ക്കണമെന്ന ആവശ്യം നാളുകളായി ഉയർന്നിരുന്നു. എന്നാൽ ഫണ്ടില്ലെന്നായിരുന്നു കോർപ്പറേഷന്റെ മറുപടിയെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി.

ഒടുവിൽ ഇക്കാര്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിലേക്ക് അഭിഭാഷകർ കൊണ്ടുവന്ന സാഹചര്യത്തിലാണ് സംഭവത്തിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായത്. കൊച്ചിയിലെ ഓവുചാലുകൾ സംബന്ധിച്ച വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനൊപ്പം ഇക്കാര്യം പരിഗണിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. കൊച്ചി കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കൗൺസിലർ ഉൾപ്പെടെയുള്ള ആളുകളോട് ഹാജരാകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version