ജയരാജ് ചിത്രം ‘മെഹ്ഫില്‍’, വീഡിയോ ഗാനം കൊച്ചിയില്‍ പ്രകാശനം ചെയ്തു

സംവിധായകന്‍ ജയരാജ്  കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ‘മെഹ്ഫില്‍’ (Mehfil movie) എന്ന സിനിമയുടെ വീഡിയോ ഗാനം കൊച്ചിയില്‍ പ്രകാശനം ചെയ്തു. സത്യം ഓഡിയോസ് പാട്ടുകള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നു. കൈതപ്രം രചിച്ച് ദീപാങ്കുരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രമേഷ് നാരായണ്‍, ജി വേണുഗോപാല്‍, അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, മുസ്തഫ മാന്തോട്ടം തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

കോഴിക്കോട്ടെ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ദേവാസുരത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകന്‍ രഞ്ജിത് ഒരുക്കിയത്. മുല്ലശേരി രാജാഗോപാലിന്റെ ജീവിതത്തിലെ ഒരു മെഹ്ഫില്‍ രാവാണ് ജയരാജ് മെഹ്ഫിലിലൂടെ വരച്ചു കാട്ടുന്നത്. സിനിമാ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടില്‍ എന്നും മെഹ്ഫില്‍ ആയിരുന്നു.

ഉണ്ണി മുകുന്ദന്‍, മുകേഷ്, മനോജ് കെ. ജയന്‍, ആശാ ശരത്, കൈലാഷ്, രഞ്ജി പണിക്കര്‍, സിദ്ധാര്‍ത്ഥ മേനോന്‍, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാല്‍, അജീഷ്, ഷിബു നായര്‍ തുടങ്ങിയവരെ കൂടാതെ ഗായകരായ രമേശ് നാരായണ്‍, ജി. വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, അഖില ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നു.

Exit mobile version